“കര്‍മ്മനിരതനായി ഞാനുണ്ട്” ലോക്‌സഭാ പോരാട്ടങ്ങള്‍ക്ക് മുന്‍പുള്ള മോദിയുടെ പ്രസംഗം ലക്ഷ്യമിടുന്നത്

ന്യൂഡല്‍ഹി : നമ്മള്‍ പ്രതിബന്ധങ്ങളെ മറികടന്ന് മുന്നേറുമെന്ന് പറഞ്ഞവസാനിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്രദിന പ്രസംഗം. ചെങ്കോട്ടയിലെ 80 മിനിറ്റ് നീണ്ട പ്രസംഗം സംഗ്രഹിക്കാനും ഇത്രയും മതിയാകും.

നമ്മള്‍ പ്രതിബന്ധങ്ങളെ തകര്‍ക്കും, നമ്മള്‍ കാര്യങ്ങള്‍ നിശ്ചയിക്കും എന്നര്‍ത്ഥം വരുന്ന വാക്കുകള്‍…

നാല് വര്‍ഷത്തെ തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി 2019 തെരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് വ്യക്തം. ശൗചാലയം, എല്‍പിജി, വൈദ്യുതീകരണം തുടങ്ങിയവ വിപുലമായ രീതിയില്‍ പ്രതിപാദിച്ച് തന്റെ വേഗത്തിലുള്ള വികസനത്തെ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചു.

ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി, കര്‍ഷകര്‍ക്കുള്ള മുടക്കുമുതലിന്റെ ഒന്നര ഇരട്ടി താങ്ങുവില നിശ്ചയിച്ചത് തുടങ്ങിയവയെല്ലാം പ്രസംഗത്തില്‍ വലിയ പ്രാധാന്യത്തോടെ ഉണ്ടായിരുന്നു. ജിഎസ്ടി, ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയവയും വലിയ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി. സര്‍ക്കാര്‍ വലിയ നേട്ടത്തില്‍ തന്നെയാണെന്നും വികസനങ്ങള്‍ വേഗത്തിലാണെന്നും ചൂണ്ടിക്കാണിക്കാനുള്ള അവസരമായിരുന്നു ഇന്നത്തേത്.

ഇന്ത്യ ചുവപ്പ്‌നാടകളില്‍ നിന്ന് ചുവപ്പ് പരവതാനികളിലേയ്ക്ക് മാറിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 2014ല്‍ അധികാരത്തില്‍ കയറുമ്പോള്‍ ഉള്ളതില്‍ നിന്ന് രാജ്യം വളരെ മുന്നോട്ട് പോയി. രാജ്യാന്തര നിക്ഷേപങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചു. സാമ്പത്തിക രംഗത്ത് വന്‍ കുതിച്ച് ചാട്ടമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും മോദി പറഞ്ഞു.

2022ല്‍ ഇന്ത്യക്കാരനായ ഒരാളെ ബഹിരാകശത്തോയ്ക്ക് എത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 2014 ല്‍ പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ആയുധം അഴിമതി ആരോപണമായിരുന്നു. അതിന്റെ മറ്റൊരു വശമെന്നോണം, അഴിമതികള്‍ കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ മധ്യവര്‍ഗ്ഗത്തിന്റെ ബുദ്ധിമുട്ടുകളെ പരാമര്‍ശിച്ച അദ്ദേഹം, അതിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സാമൂഹ്യ സുരക്ഷാ വിഭാഗത്തില്‍ എസ്സിഎസ്ടി നിയമത്തെയും മുത്തലാഖ് നിയമ ഭേദഗതിയേയും അദ്ദേഹം കൂട്ടുപിടിച്ചു.

അഫ്‌സ നിയന്ത്രിച്ചതും കാശ്മീരിലെ അരക്ഷിതാവസ്ഥ നിയന്ത്രിക്കാന്‍ സാധിച്ചതും, ഇടത് തീവ്രവാദ പ്രവര്‍ത്തകരുടെ മേല്‍ കടിഞ്ഞാണിടാന്‍ സാധിച്ചതും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രശ്‌നങ്ങളില്‍ വലിയ ജാഗ്രത കാത്തുസൂക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു വച്ചു.

അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ച് അദ്ദേഹം ദീര്‍ഘമായി സംസാരിച്ചില്ല. പാകിസ്ഥാനില്‍ ഒരു സര്‍ക്കാര്‍ മാറ്റം വന്ന പശ്ചാത്തലത്തില്‍ അതിനെക്കുറിച്ച് അദ്ദേഹം നിശബ്ദനായിരുന്നത് ശ്രദ്ധേയമായി.

തെരഞ്ഞെടുപ്പിന് മുന്‍പുള്ള മോദിയുടെ അവസാന സ്വാതന്ത്ര്യദിന സന്ദേശമായിരുന്നു ഇന്നത്തേത്. അതിനാല്‍ അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വ്വമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയുള്ള വിപുലമായ പ്രസംഗം.

ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് പ്രഖ്യാപനങ്ങള്‍. പോഷകാഹാരം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മറ്റ് രാജ്യങ്ങള്‍ ഏറെ മുന്നോട്ട് പോകുന്നു, നമുക്കിനിയും പോകാനുണ്ട് എന്ന് ആര്‍ത്തിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. അതിന് താന്‍ സദാ സന്നദ്ധനാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഇന്നത്തെ പ്രസംഗം.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top