ഇതാണ് മോദീ പ്രീണനം . . . രാജസ്ഥാൻ സംഭവത്തിൽ ഉത്തരം മുട്ടി കോൺഗ്രസ്സ്

രാജസ്ഥാന്‍ ഇപ്പോഴും ഭരിക്കുന്നത് ബി.ജെ.പി തന്നെയാണോ എന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല. ബി.ജെ.പി രാജസ്ഥാന്‍ ഭരിച്ചപ്പോള്‍ പോലും ചെയ്യാതിരുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

മോദിയുടെ റാലിക്കു വേണ്ടി ഒരു ചേരി തന്നെയാണ് അധികൃതര്‍ ഇവിടെ ഇടിച്ചു നിരത്തിയിരിക്കുന്നത്. 300 ഓളം കുടിലുകള്‍ തകര്‍ക്കപ്പെട്ടതോടെ ഇവിടങ്ങളില്‍ വസിച്ചവര്‍ വഴിയാധാരമായിരിക്കുകയാണ്. പ്രമുഖ ദേശീയ പോര്‍ട്ടലായ ദിവയറാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ജയ്പൂരിലുള്ള മാനസരോവറിന് സമീപുള്ള ഒരു ചേരിയാണ് ബുള്‍ഡോസര്‍കൊണ്ട് നിരപ്പാക്കി മോദിക്ക് വേദിയൊരുക്കിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് ഒന്നിനായിരുന്നു മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി നടന്നിരുന്നത്.

മോദിയുടെ ഈ റാലി ജനപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ വളരെ മോശമായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മാത്രമായിരുന്നു റാലിയില്‍ പങ്കെടുത്തിരുന്നത്. പ്രധാനമന്ത്രിയുടെ റാലി നടന്നിട്ടും സിറ്റിയിലെ ഗതാഗതം പോലും സ്വാഭാവികമായിരുന്നു.

ഏപ്രില്‍ 30നാണ് ജയ്പൂരിലെ വി ടി റോഡിന് സമീപം ചേരി സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് തെരഞ്ഞെടുപ്പ് റാലിക്കായി തെരഞ്ഞെടുത്തതായി പൊലീസ് എത്തി ചേരിനിവാസികളെ അറിയിച്ചിരുന്നത്. അതോടൊപ്പം മിനിറ്റുകള്‍ക്കകം ഒഴിയണമെന്ന് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍, പോകാന്‍ മറ്റൊരു സ്ഥലമില്ലാത്തതിനാല്‍ പലരും മടിച്ചുനിന്നു. പക്ഷെ ചേരി തകര്‍ക്കാന്‍ എത്തിയതോടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അവരുടെ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചത്‌.

വീട് പൂര്‍ണമായി തകര്‍ത്തതോടെ എവിടെ കയറി കിടക്കണമെന്ന് പോലും അറിയാത്ത അവസ്ഥിയിലാണിപ്പോള്‍ ഇവിടെ താമസിച്ചിരുന്ന ജനങ്ങള്‍. വീട് തകര്‍ത്തതോടെ സാധനങ്ങളെല്ലാം വഴിയോരത്താണ് വച്ചിട്ടുള്ളത്. ഇത് ഉപേക്ഷിച്ച് ജോലിക്ക് പോയാല്‍ തിരികെ എത്തുമ്പോള്‍ ആകെയുള്ളത് പോലും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇവര്‍. പൊലീസ് ഇവിടെ നിന്നും തങ്ങളെ നീക്കം ചെയ്യുമെന്ന ഭയവും ചേരിനിവാസികള്‍ക്കുണ്ട്.

‘താമസിക്കാന്‍ മറ്റൊരു സ്ഥലമില്ല, തങ്ങള്‍ റോഡില്‍ താമസിക്കാറുണ്ട് എന്നുകരുതി മാലിന്യകൂമ്പാരത്തില്‍ താമസിക്കാന്‍ കഴിയില്ല. ആവശ്യത്തിലധികം അഴുക്ക് ഇവിടെയുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്. പാത്രങ്ങളെല്ലാം ദുര്‍ഗന്ധം വന്നുതുടങ്ങിയിട്ടുണ്ട്’ സ്ഥലവാസി ആയട്ടുള്ള ലക്ഷ്മിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം പാചകം ചെയ്തിട്ടുതന്നെ നാലു ദിവസമായെന്നും ഈ സ്ത്രീ പറയുന്നു. എന്നാല്‍, സുരക്ഷാ പ്രശ്‌നം കാരണമാണ് ചേരി ഒഴിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത തള്ളാനാകില്ലെന്നുമാണ് അധികൃതര്‍ വാദിക്കുന്നത്.

45 ഡിഗ്രി വരെയാണ് ഈ പ്രദേശത്തെ അന്തരീക്ഷ താപനില. ഇത്ര കടുത്ത ചൂടിലും ചെറിയ കുട്ടികള്‍ വരെ റോഡരികില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.

ചേരി നിവാസികള്‍ റോഡരികില്‍ ഇരിക്കുന്നത് പരിസരവാസികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. റോഡരികില്‍ ഇവരുടെ വസ്തുക്കള്‍ വച്ചിരിക്കുന്നത് സംബന്ധിച്ച് പരിസരവാസികള്‍ പരാതിപ്പെടുന്നുണ്ട്. ഒഴിഞ്ഞു പോകുന്നതിനായി പോലീസ് വളരെയധികം മര്‍ദ്ദിച്ചതായും ഇവര്‍ പറയുന്നു. റാലിയില്‍ പങ്കെടുക്കാനോ ഇതിന്റെ പരിസരത്തേയ്ക്ക് പോകാനോ ചേരി നിവാസികള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.

ദി വയര്‍ പുറത്ത് വിട്ട ഈ വിവരം ഇപ്പോള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ നിലപാടാണ് ഇതോടെ പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതെല്ലാം സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നതിനാല്‍ ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യു.പിയില്‍ ഒറ്റക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ്സ് തീരുമാനം ബി.ജെ.പിയെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരുന്ന ഘട്ടത്തില്‍ തന്നെയാണ് രാജസ്ഥാനും ഇപ്പോള്‍ വിവാദ കേന്ദ്രമായിരിക്കുന്നത്.

ബി.ജെ.പിക്ക് സഹായകരമായ നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മയാവതിയും എസ്.പി നേതാവ് അഖിലേഷ് യാഥവും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവരും നേരത്തെ തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. വയനാട്ടില്‍ മത്സരിക്കുക വഴി യഥാര്‍ത്ഥ ശത്രു ബി.ജെ.പി അല്ലന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്നാണ് സി.പി.എം ആരോപിച്ചിരുന്നത്.

ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും മതേതര സഖ്യം പരാജയപ്പെട്ടതും കോണ്‍ഗ്രസ്സ് നിലപാട് മൂലമായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി സീറ്റുധാരണ ഉണ്ടാക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ്സ് ഒടുവില്‍ പിന്നോട്ട് പോവുകയായിരുന്നു.

യു.പി, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ പ്രതീക്ഷ തന്നെ പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പിലാണ്.ഇവിടങ്ങളില്‍ ബി.ജെ.പി നേട്ടം ഉണ്ടാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന് മാത്രമായിരിക്കുമെന്ന് മതേതര സഖ്യം ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Express Kerala View

Top