രാജസ്ഥാനിൽ വിനയായത് സി.പി.എം നീക്കമാണെന്ന് ബി.ജെ.പി നേതൃത്വം !

രാജസ്ഥാനില്‍ ചതിച്ചത് സി.പി.എമ്മാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. ജയ്പൂരില്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തിലാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ നടത്തിയ പ്രക്ഷോഭം ബി.ജെ.പിയുടെ പരാജയത്തിനിടയാക്കിയതായി നേതാക്കള്‍ തന്നെ തുറന്നു സമ്മതിച്ചത്. സി.പി.എമ്മിന് സംഘടനാപരമായി അടിത്തറ ഇല്ലാത്തതിനാല്‍ ഗുണം ലഭിച്ചത് കോണ്‍ഗ്രസ്സിനാണെന്നാണ് വിലയിരുത്തല്‍.

കര്‍ഷക സമരം സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും നിറഞ്ഞതും ചര്‍ച്ചയായതും ഗൗരവമായി കാണാന്‍ കഴിയാതിരുന്നത് വസുന്ധര രാജെ സിന്ധ്യ സര്‍ക്കാറിന്റെ പരാജയമായി തുറന്നടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ തയ്യാറായതായാണ് റിപ്പോര്‍ട്ട്.

കിസാന്‍സഭയുടെ സമരത്തെ തുടര്‍ന്ന് 50000 രൂപ വരെയുള്ള കടം എഴുതി തള്ളിയത് തെറ്റായി പോയെന്നും സമരത്തിന് മുന്‍പ് തന്നെ ബി.ജെ.പി കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കണമായിരുന്നു എന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം.

കര്‍ഷക സമരത്തിന് മുന്നില്‍ തലകുനിച്ചത് കൂടുതല്‍ ഡിമാന്റ് സമരക്കാര്‍ക്ക് ഉയര്‍ത്താന്‍ പിടിവള്ളി ആയെന്നും ഇതാണ് കൂടുതല്‍ കര്‍ഷകരെ സര്‍ക്കാറിനെതിരെ തിരിയ്ക്കാന്‍ കാരണമായതെന്നും യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം നേതാക്കള്‍ തുറന്നടിച്ചു.

സി.പി.എം മുന്‍ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി ഒന്നര ലക്ഷത്തിലധികം വോട്ട് കൂടുതല്‍ നേടിയതും രണ്ട് ബി.ജെ.പി സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തതും ഗൗരവമായി കാണണമെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ഒരേ അഭിപ്രായമാണ് ഉയര്‍ന്നത്.

രാജസ്ഥാനില്‍ ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥികള്‍. 28 മണ്ഡലങ്ങളിലാണ് സിപിഎം രാജസ്ഥാനില്‍ മത്സരിച്ചിട്ടുള്ളത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും സിപിഎമ്മിനായി. ധോദ്, ദന്താറാംഗഡ്, റായ്സിംഗ് നഗര്‍ എന്നിവിടങ്ങളില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും അര ലക്ഷത്തിലധികം വോട്ടുകള്‍ നേടി സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരാളികളെ ഞെട്ടിച്ചിരുന്നു.

അധികാരത്തില്‍ വന്നാല്‍ മുഴുവന്‍ കടങ്ങളും എഴുതി തള്ളുമെന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണം കര്‍ഷകരില്‍ ചെലുത്തിയ സ്വാധീനം തിരിച്ചറിയാന്‍ കഴിയാതിരുന്നതും സര്‍ക്കാറിന്റെയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെയും വീഴ്ചയായും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സംഘടനാപരമായ കെട്ടുറപ്പുള്ളത് കൊണ്ടു മാത്രമാണ് അധികാരം നഷ്ടമായെങ്കിലും വലിയ പ്രഹരം ഏല്‍ക്കാതിരുന്നതെന്നാണ് ബി ജെ പി നേതൃയോഗത്തിന്റെ വിലയിരുത്തല്‍.

കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ അധികാരമേറ്റെടുത്ത ഉടനെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സ്വീകരിച്ചത് ഗൗരവമായി കണ്ട് കര്‍ഷക പിന്തുണ ആര്‍ജജിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊളളണ്ണമെന്ന ആവശ്യം ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പ് ബി.ജെ.പി ദേശീയ നേതൃത്വം രാജസ്ഥാന്‍ ഘടകത്തിനും നല്‍കിയിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താനും ലോക സഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും ആര്‍.എസ്.എസ് മുന്‍കൈ എടുത്ത് സംഘ പരിവാര്‍ സംഘടനകളുടെ യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നുണ്ടെന്നാണ് സൂചന.

മോദി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തിന് രാജസ്ഥാനും മധ്യപ്രദേശും കനിയേണ്ടത് അനിവാര്യമായതിനാല്‍ എന്ത് വില കൊടുത്തും കര്‍ഷകരെ ഒപ്പം നിര്‍ത്താനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്.

മുംബൈയില്‍ സി.പി.എം കര്‍ഷക വിഭാഗമായ കിസാന്‍ സഭ തിരികൊളുത്തിയ പ്രക്ഷോഭത്തിന്റെ കനലുകള്‍ കാവിക്കോട്ടയിലും ആളിപടര്‍ന്ന് ഇങ്ങനെ ഒരു പണി തരുമെന്ന് സ്വപ്നത്തില്‍ പോലും ബി.ജെ.പി ദേശീയ നേതാക്കള്‍ പോലും കരുതിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ്സ് തികഞ്ഞ പരാജയമായിരുന്നു എന്നത് മാത്രമാണ് ബി.ജെ.പി മുഖവിലക്കെടുത്തിരുന്നത്.

അതേസമയം, വിത്ത് വിതച്ച ചെമ്പടയില്‍ നിന്നും ഇത്തവണ കൊയ്ത്ത് നടത്തി നേട്ടം കൊയ്യാന്‍ സാധിച്ചെങ്കിലും സി.പി.എമ്മിനെ ഗൗരവമായി കണ്ടില്ലങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Top