മോദിയെ ആലിംഗനം ചെയ്തത് എന്തിനെന്ന വിശദീകരണവുമായി രാഹുല്‍

ന്യൂഡല്‍ഹി; അവിശ്വാസ പ്രമേയത്തിനിടെ മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി. തന്നോട് മോദിയ്ക്കുള്ള വിരോധം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത്. അതിനപ്പുറത്തേക്ക് മറ്റ് ഉദ്ദേശങ്ങളൊന്നും ഇല്ലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ രാഹുലിന്റെ ആലിംഗനത്തെ മോദി പരിഹസിച്ചിരുന്നു. ആത്മാര്‍ത്ഥമായ ആലിംഗനമെന്താണെന്ന് തനിക്ക് തിരിച്ചറിയാമെന്നും എന്നാല്‍ രാഹുലിന്റേത് നിര്‍ബന്ധിതമായ ആലിംഗമായിരുന്നുവെന്നുമാണ് മോദി വിമര്‍ശിച്ചത്. വലിയ ഭൂകമ്പം വരുമെന്ന് ചിലര്‍ പറഞ്ഞുവെങ്കിലും ചെറിയ ഭൂകമ്പം പോലും ഉണ്ടായില്ലെന്നും രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മോദി പരിഹസിച്ചിരുന്നു.

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ ആലിംഗനം. മോദി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് ശേഷം അപ്രതീക്ഷിതമായി മോദിയെ കെട്ടിപ്പിടിക്കുകയായിരുന്നു.

‘ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും’ പറഞ്ഞ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ച് മോദിയുടെ സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു. ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലുമെല്ലാം അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരുപോലെ വഴിയൊരുക്കിയിരുന്നു.

Top