പുല്‍വാമ ദിനത്തില്‍ പ്രധാനമന്ത്രിയോട് 3 ചോദ്യങ്ങള്‍; രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നാടിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ത്യക്കാര്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ സി.ആര്‍.പി.എഫ് ജവാന്മാരെ സ്മരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുലിന്റെ പ്രസ്താവന. ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍.

പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി..? ആക്രമണത്തിന് അനുവദിച്ച്‌ക്കൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി..? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Top