കര്‍ഷകര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ വില എസി മുറിയില്‍ ഇരിക്കുന്നവര്‍ക്ക് അറിയില്ല;പ്രധാനമന്ത്രി

ശ്രീനഗര്‍: ഡല്‍ഹിയിലെ എ.സി മുറികളില്‍ ഇരിക്കുന്നവര്‍ക്ക് പാവപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആറായിരം രൂപയുടെ വില അറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടി ആയിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്ഥാവന. ജമ്മുവിലെ വിജയ്പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയാരുന്നു മോദി.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുകയെന്നാല്‍ ഒരു ദിവസം അവര്‍ക്ക് 17 രൂപയോളം മാത്രംമാണ് ലഭിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രം മാത്രമാണെന്നും മോദി ആരോപിച്ചു. 2008-09 ല്‍ ആറുലക്ഷം കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, 52,000 കോടിയുടെ വായ്പകള്‍ മാത്രമാണ് എഴുതിത്തള്ളിയത്. കാര്‍ഷിക കടാശ്വാസം ലഭിച്ച 25 മുതല്‍ 30 ലക്ഷം വരെയുള്ളവര്‍ അതിന് യോഗ്യരല്ലായിരുന്നുവെന്ന് സി.എ.ജി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ് സര്‍ക്കാര്‍ കടാശ്വാസ പദ്ധതിയുടെ ഭാഗമായി ചിലര്‍ക്ക് 13 രൂപയുടെ ചെക്ക് നല്‍കിയെന്നും മോദി പരിഹസിച്ചു. പി.എം കിസാന്‍ പദ്ധതി പ്രകാരം 75,000 കോടിരൂപ പ്രതിവര്‍ഷം അനുവദിക്കും. ഇത്തരത്തില്‍ 7.50 ലക്ഷം കോടിരൂപ പത്ത് വര്‍ഷംകൊണ്ട് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് ചിലര്‍ കര്‍ഷകരുടെ രക്ഷകരെന്ന് നടിക്കുകയാണെന്നും നരേന്ദ്രമോദി ആരോപിച്ചു.

Top