2022 അവസാനത്തോടെ 5 ബില്യണ്‍ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍, ജി20 ഉച്ചകോടിയിലും വാഗ്ദാനവുമായി മോദി

റോം: അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സീന്‍ ഉത്പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സീന്‍ മൈത്രിയില്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡില്‍ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനഃരുദ്ധാരണം സംബന്ധിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വാക്‌സിന്‍ ഡോസുകള്‍ വലിയ തോതില്‍ ലോകത്തിന് ലഭ്യമാകുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരാമര്‍ശിച്ച് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണങ്ങളിലും വിതരണ ശൃംഖലയുടെ വൈവിദ്ധ്യവത്ക്കരണത്തിലും ഇന്ത്യയെ പങ്കാളിയാക്കാന്‍ ജി20 രാജ്യങ്ങളെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. അഞ്ച് ബില്യണിലധികം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം അത് നമുക്ക് മാത്രമല്ല ലോകത്തിനും ലഭ്യമാകുമെന്നും പറഞ്ഞു. ലോകാരോഗ്യ സംഘടന കൊവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കുന്നത് മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ എളുപ്പമാക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും ജി 20 യോഗത്തില്‍ ചര്‍ച്ചയായി.

Top