ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞു; സി.എ.ജിയെ പുകഴ്ത്തി മോദി

ന്യൂഡല്‍ഹി: കണക്കു പരിശോധനകളെ ഭയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു രാജ്യത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭയാശങ്കകള്‍ കാരണം സിഐജിയും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നമ്മുടെ സംവിധാനത്തിലെ പൊതുആശയമായി മാറിയിരുന്നു.

എന്നാല്‍ ആ ചിന്താഗതികളൊക്കെ മാറിയെന്നും ഇന്ന് മൂല്യവര്‍ധനവിന്റെ പ്രധാനഭാഗമായി ഓഡിറ്റ് മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഓഡിറ്റ് ദിവസ് ‘സംബന്ധിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

കൂടുതല്‍ ശക്തവും കൂടുതല്‍ പക്വവും പ്രസക്തവുമാകുന്ന സ്ഥാപനങ്ങള്‍ കാലക്രമേണ വളരെ കുറവാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മിക്ക സ്ഥാപനങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്നു. എന്നാല്‍ സിഎജി ഒരു പൈതൃകമാണ്, ഓരോ തലമുറയും അത് നെഞ്ചിലേറ്റണം. അതൊരു വലിയ ഉത്തരവാദിത്തമാണ്’ മോദി പറഞ്ഞു.

പുറത്ത് നിന്ന് സിഐജി സര്‍ക്കാരിന്റെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അതിന്റേതായ നേട്ടമുണ്ട്. അവര്‍ പറയുന്നതിനനുസരിച്ച് ചില വ്യവസ്ഥാപിതമായ മെച്ചപ്പെടുത്തലുകള്‍ നടത്തുകയാണ് തങ്ങളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പഴയകാലത്ത് കഥകളിലൂടെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. കഥകളിലൂടെയാണ് ചരിത്ര രചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് 21-ാം നൂറ്റാണ്ടില്‍, ഡാറ്റയാണ് വിവരങ്ങള്‍. വരും കാലങ്ങളില്‍ നമ്മുടെ ചരിത്രം ഡാറ്റയിലൂടെ കാണുകയും മനസ്സിലാക്കുകയും ചെയ്യും. മാറ്റം വേഗത്തിലാക്കുകയും പ്രക്രിയകള്‍ നവീകരിക്കുകയും ചെയ്യുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

 

 

Top