മോദി – മാര്‍പാപ്പ കൂടിക്കാഴ്ച അവസാനിച്ചു; ചര്‍ച്ച നീണ്ടത് ഒന്നേകാല്‍ മണിക്കൂര്‍

റോം: പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍ പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് വിവരം.
പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍നിന്ന് മടങ്ങി.

കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും. മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നടത്തുകയെന്നും തുടര്‍ന്ന് പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്ക് വത്തിക്കാന്‍ പ്രത്യേകിച്ച് അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. മാര്‍പാപ്പയുമായുള്ള ചര്‍ച്ചകളില്‍ അജണ്ട നിശ്ചയിക്കുന്ന പതിവില്ലെന്നാണ് കരുതുന്നത്. ലോകത്തിന് പൊതുവെ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. ‘ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം’ എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.

ഇറ്റലിയിലെത്തിയ മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫണ്‍ ഡെയര്‍ ലെയെന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഹി എന്നിവരുമായി കഴിഞ്ഞ ദിവസം മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അവിടത്തെ ആദ്യ ഔദ്യോഗിക ചടങ്ങില്‍ വ്യാപാരം, നിക്ഷേപ ബന്ധങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കോവിഡ്, ദേശീയ, ആഗോളവികസനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്.

മെച്ചപ്പെട്ട ഭൂമി സൃഷ്ടിക്കാനായി മനുഷ്യബന്ധങ്ങളും സാമ്പത്തിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ ആശയങ്ങള്‍ പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. തുടര്‍ന്ന്, പിയാസ ഗാന്ധിയിലുള്ള മഹാത്മാ ഗാന്ധി പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങിയത്.

ഇറ്റാലിയന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതിയും ചേര്‍ന്ന് സ്വീകരിച്ചു. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി റോം സന്ദര്‍ശിക്കുന്നത്.
ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമില്‍നിന്ന് പ്രധാനമന്ത്രി നേരെ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രൊ സാന്‍ചെസുമായും ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 

Top