ലോക്ക്ഡൗണിന് ശേഷം ആദ്യമായി മോദി ഡല്‍ഹിക്ക് പുറത്ത്; പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം ആദ്യമായി ഡല്‍ഹിക്ക് പുറത്ത് പൊതു സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലും ഒഡീഷയിലും ആകാശമാര്‍ഗം സന്ദര്‍ശനം നടത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

മാര്‍ച്ച് 25ന് ആദ്യലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹിയ്ക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നത്. ആകാശനിരീക്ഷണം നടത്തുന്നതിനു പുറമേ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നല്‍കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് ആവശ്യപ്പെട്ടിരുന്നു.ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. കൊല്‍ക്കത്തയില്‍ മാത്രം 15 പേരാണ് മരിച്ചത്.

ഇങ്ങനെയൊരു ദുരന്തം ജീവിതത്തില്‍ താന്‍ കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്. ഇത് സര്‍വനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്നും മമതാ ബാനര്‍ജി പറഞ്ഞു.

Top