എങ്ങനെ ചിന്തിക്കണം എന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം പ്രധാന്യം നല്‍കുന്നത്; മോദി

ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം ഏതെങ്കിലും പ്രത്യേക മേഖലയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസനയത്തിലെ മാറ്റങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മാനവവിഭവശേഷി വികസന വകുപ്പു മന്ത്രാലയവും യു.ജി.സിയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസനയം കുട്ടികള്‍ എന്ത് ചിന്തിക്കണം എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നയത്തില്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നയത്തില്‍ ഏതെങ്കിലും പ്രത്യേക മേഖലയോട് പക്ഷപാതം കാണിക്കുന്നതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആശയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. സ്‌കൂള്‍ വിദ്യാഭ്യാസത്തെ 3 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയായിരിക്കണം പഠന മാധ്യമമെന്നും നിര്‍ദേശിക്കുന്നു.

Top