അധികാരം ചിലര്‍ക്ക് ജീവശ്വാസത്തിന് തുല്യം; അതില്ലാതെ മുന്നോട്ട് പോകാനാവില്ല: മോദി

ന്യൂഡല്‍ഹി: അധികാരമെന്നത് ചിലര്‍ക്ക് ജീവശ്വാസത്തിന് തുല്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ്. അധികാരം ഓക്‌സിജന്‍ പോലെയാണ് അതില്ലാതെ ചിലര്‍ക്ക് ജീവിക്കാന്‍ ആവില്ല. രാഷ്ട്രീയ ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രതിപക്ഷത്തിരുന്ന് ചിലവഴിച്ച അടല്‍ബിഹാരി വാജ്‌പേയിയുമായി ‘ചിലരെ’ താരതമ്യം ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

‘കുറച്ച് വര്‍ഷങ്ങള്‍ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ തന്നെ ചിലര്‍ അസ്വസ്ഥരാകും. പുതിയ കാലത്തെ രാഷ്ട്രീയ പരിതസ്ഥിതിയാണതിന് കാരണം. എന്നാല്‍ വാജ്‌പേയി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ജനങ്ങളുടെ ക്ഷേമത്തിനായാണ് നീക്കി വെച്ചത്. അദ്ദേഹം രാഷ്ട്രീയ ജീവിതത്തിന്റെ വലിയൊരു ഭാഗവും ചിലവഴിച്ചത് പ്രതിപക്ഷത്തിരുന്നുകൊണ്ടാണ്. അദ്ദേഹം തന്റെ പാര്‍ട്ടി ആദര്‍ശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലായിരുന്നു. പകരം രാജ്യ താത്പര്യത്തിനാണ് മുന്‍ തൂക്കം കൊടുത്തത്,’ പ്രധാനമന്ത്രി പറഞ്ഞു.

വാജ്‌പേയിയുടെ സ്മരണാര്‍ഥം 100 രൂപാ നാണയം പുറത്തിറക്കിയ ശേഷവും പ്രധാനമന്ത്രി രാഷ്ട്രീയ നേതാക്കളുടെ അധികാരാസക്തിയെ വിമര്‍ശിച്ചിരുന്നു. അനുസ്മരണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലും കുറിച്ചത്.

Top