സത്യം പറയാന്‍ മോദിയ്ക്ക് പേടി; പൊട്ടിത്തെറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍. . .

നോട്ട് നിരോധനത്തിന് ശേഷമുള്ള രാജ്യത്തെ തൊഴില്‍ നഷ്ടത്തെക്കുറിച്ച് തുറന്നു പറയാന്‍ നരേന്ദ്രമോദി ഭയപ്പെടുന്നു. തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി ഇന്ത്യയില്‍ നടന്ന പലസംഭവങ്ങളും മറച്ചു പിടിക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന കാര്യം മറന്നു പോയോ? സുപ്രീംകോടതിയുടെ മുറ്റത്തിരുന്ന്. . അഭിഭാഷകര്‍ രാജ്യം അപകടത്തിലാണെന്ന് വിളിച്ചു പറഞ്ഞപ്പോഴും ആര്‍ബിഐ തലപ്പത്ത് നിന്ന് രഘുറാം രാജന്‍ രാജിവച്ച് ഇറങ്ങിപ്പോയപ്പോഴും ഉച്ചത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമായിരുന്നു.

ഇപ്പോള്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കൂടി രാജിവെച്ച് കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന് വീണ്ടുമൊരവസരം തന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും നയപരമായ പ്രശ്‌നങ്ങളുമാണ് എല്ലാ പ്രതിഷേധങ്ങള്‍ക്കും കാരണം. തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കുമ്പോള്‍ ഇനിയും സമയമുണ്ടെന്നാണ് ബിജെപി ആശ്വസിക്കുന്നത് എങ്കില്‍ തെറ്റി. അന്തര്‍ നാടകങ്ങള്‍ മൂടിവയ്ക്കാം എന്നാണ് വിചാരിക്കുന്നതെങ്കിലും ആ മോഹം അസ്ഥാനത്താണ്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തന്നെയാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്‍ സ്വതന്ത്ര അംഗങ്ങളായ പി.സി.മോഹനന്‍, ജെ.വി.മീനാക്ഷി എന്നിവര്‍ രാജി സമര്‍പ്പിച്ചത്.

പി.സി മോഹനന്‍ വളരെ ഗുരുതരമായി ആരോപണങ്ങളാണ് പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കമ്മീഷനില്‍ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്നതാണ് ആദ്യത്തെ ആരോപണം. ഒരു രാജ്യത്തിന്റെ വളര്‍ച്ചാ സംബന്ധമായ നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് വഴിവെയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കമ്മീഷന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. തൊഴിലാളികളെക്കുറിച്ചും രാജ്യത്തെ തൊഴില്‍ രഹിതരെക്കുറിച്ചും നിരവധി വിവരങ്ങള്‍ അടങ്ങുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവിടാതെ പിടിച്ചു വച്ചിരിക്കുന്നത് തുടങ്ങി അതീവ ഗൗരവകരമായി കാണേണ്ട കാര്യങ്ങളാണ് ആരോപണങ്ങളെല്ലാം.

തൊഴിലില്ലായ്മ പരിഹരിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ കയറിയ ആളാണ് പ്രധാനമന്ത്രിയെന്ന് ഓര്‍ക്കണം. 2014 ലെ തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു കോടി തൊഴില്‍ എന്ന വാഗ്ദാനമാണ് മോദി മുന്നോട്ടുവച്ചത്.

അതേസമയം, എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും ആളുകള്‍ സ്വയം തൊഴില്‍ കണ്ടെത്തണമെന്നും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസംഗിച്ചതില്‍ ഒളിഞ്ഞിരുന്ന അപകടം ഇപ്പോഴാണ് തെളിഞ്ഞു വരുന്നത്. കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും രാജിക്ക് ശേഷം മോഹനന്‍ പ്രതികരിച്ചു. ഇത്രയും ഗുരുതരമായി ഉദ്യോഗസ്ഥരെ പിടിച്ചു കെട്ടാന്‍ ഭരണകൂടത്തിന് സാധിച്ചതില്‍ പ്രതിപക്ഷത്തിനും തീര്‍ച്ചായായും ഉത്തരവാദിത്വമുണ്ട്.

ഇനി, റിപ്പോര്‍ട്ട് പുറത്തു വിടാത്തതിനെക്കുറിച്ച് മന്ത്രാലയത്തിന് വിശദീകരണമുണ്ട്. നാലില്‍ ഒന്ന് ഭാഗം മാത്രം വിവരങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ, റിപ്പോര്‍ട്ട് പൂര്‍ണ്ണമായതിന് ശേഷം പുറത്തുവിടുമെന്നാണ് മന്ത്രാലയം പറയുന്ന ന്യായീകരണം. രാജ്യത്തെ അസംഘടിത തൊഴിലാളി വിഭാഗത്തിന്റെ വിശദാംശങ്ങളും പുതുതായി പിഎഫ്, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ സംബന്ധിച്ചും വിശദമായ വിവരശേഖരണം നടന്നു കൊണ്ടിരിക്കുകയാണെന്നുമാണ് സര്‍ക്കാരിന്റെ മറുപടി. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ ബാധിക്കാത്ത തരത്തില്‍ പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യം വ്യക്തം.

modi main

ലോകബാങ്ക് അടക്കമുള്ള വിവിധ സംഘടനകളും ഏജന്‍സികളും നടത്തിയ സര്‍വ്വേകളില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മയും സാമ്പത്തിക, സാമൂഹ്യാന്തരീക്ഷവും നാള്‍ക്കുനാള്‍ മോശമാകുന്നതായാണ് വ്യക്തമാക്കിയിരുന്നത്. നൂറുകണക്കിന് പഠനങ്ങളാണ് കഴിഞ്ഞ വര്‍ഷം തന്നെ ഈ വിഷയങ്ങളില്‍ പുറത്തു വന്നത്. എന്നാല്‍, വര്‍ഗ്ഗീയ പ്രശ്‌നങ്ങളും വൈകാരിക സംഭവങ്ങളും ഇടക്കിടക്കുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങളും കൊണ്ട് ഇതെല്ലാം മൂടിവയ്ക്കപ്പെടുകയായിരുന്നു എന്ന് ന്യായമായും സംശയിക്കണം.

എന്‍.എസ്.സിയില്‍ അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്തവ, നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് എന്നിവര്‍ മാത്രമാണ്. ആകെ ഏഴ് അംഗങ്ങളാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ ഉണ്ടാകേണ്ടത്. മൂന്ന് ഒഴിവുകള്‍ നേരത്തെ തന്നെയുണ്ട്. 2017 ജൂണില്‍ സ്വതന്ത്ര അംഗങ്ങളായി കമ്മീഷനില്‍ ചേര്‍ന്ന മോഹനന്റേയും മീനാക്ഷിയുടേയും കരാര്‍ കാലാവധി 2020 വരെയായിരുന്നു.

തൊഴിലില്ലായ്മയും ജിഎസ്ടിയും പ്രതിപക്ഷം വലിയ ആയുധമാക്കുന്ന സമയത്താണ് ഗുരുതര വീഴ്ച കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രൂക്ഷഭാഷയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കിയില്ലെങ്കില്‍ നരേന്ദ്രമോദിക്ക് വോട്ടില്ലെന്ന് നേരത്തെ രാജസ്ഥാന്‍ കസ്ബ ബോണ്‍ലി നഗരവാസികള്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞത് രാജ്യം മുഴുവന്‍ പറയുന്ന സാഹചര്യമാണ് അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് സൃഷ്ടിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top