മോദി അടുത്ത സുഹൃത്തെന്ന് ട്രംപ്; ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം

വാഷിങ്ടന്‍: നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യാ സന്ദര്‍ശനം ഏറെക്കാലം മുന്‍പേ ഏറ്റ പരിപാടിയാണെന്നും ഇന്ത്യയിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യയിലേക്കുള്ളതു വലിയ യാത്രയായാണു കണക്കാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണുള്ളത്. ഇന്ത്യയില്‍ വലിയ പരിപാടിയാണു നടക്കാന്‍ പോകുന്നതെന്നാണു ഞാന്‍ കേട്ടത്. ഇന്ത്യയില്‍ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ പരിപാടി. അതിന്റെ ആശ്ചര്യം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം എച്ച് 1 ബി വീസ നടപടികള്‍ ഇന്ത്യക്കാര്‍ക്കായി എളുപ്പമാക്കുന്ന കാര്യം പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിനോടു ചര്‍ച്ച ചെയ്യുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഫെബ്രുവരി 24ന് ട്രംപ് എത്തുമ്പോള്‍ പ്രാധാന്യമുള്ള പല ചോദ്യങ്ങളും ഇന്ത്യക്കാര്‍ ഉയര്‍ത്തണം. ഇന്ത്യയുടെ താല്‍പര്യം അനുസരിച്ചുള്ള പ്രശ്‌നപരിഹാരമാണ് ഈ വിഷയങ്ങളില്‍ വേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണു ട്രംപ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്.

Top