സി വോട്ടര്‍ സര്‍വെയില്‍ വിമര്‍ശനങ്ങള്‍ക്കിടയിലും പ്രതിപക്ഷത്തേക്കാള്‍ ജനപിന്തുണ മോദിക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിപക്ഷം പേരുടെയും പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് സര്‍വ്വെ ഫലം. സി വോട്ടര്‍ നടത്തിയ സര്‍വ്വെയിലാണ് 73.6 ശതമാനം ജനങ്ങള്‍ക്കും പ്രതിപക്ഷത്തെക്കാള്‍ വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണെന്ന് വ്യക്തമാകുന്നത്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം രൂക്ഷമായി തുടരുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും മോദിക്കാണ് ജനപിന്തുണ.

16.7 ശതമാനം പേര്‍ മാത്രമാണ് കേന്ദ്രത്തിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നത്. എന്നാല്‍ 9.6 ശതമാനം പേര്‍ ഇരുകൂട്ടരിലും വിശ്വാസം അര്‍പ്പിക്കാന്‍ തയ്യാറായിട്ടില്ല. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ഈ വിഷയം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നില്ല.

ചൈനീസ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദിയെയും രാഹുലിനെയും താരതമ്യം ചെയ്യുമ്പോള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനെയല്ല, പകരം പ്രധാനമന്ത്രിയെയാണ് 72.6 ശതമാനം പേരും വിശ്വസിക്കുന്നത്. എന്നാല്‍ 14.4 ശതമാനം പേര്‍ രാഹുലില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. രാജ്യാതിര്‍ത്തികള്‍ മോശം അവസ്ഥയിലേക്ക് നീങ്ങുകയും രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ദുര്‍ബലമാകുകയും ചെയ്തുവെന്നാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനം.

എന്നാല്‍ 61 ശതമാനം പേരും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകുന്നില്ല. ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 68% പേരും കരുതുന്നത് രാജ്യത്തെ ജനങ്ങള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ്. എന്നാല്‍ 31 ശതമാനം പേര്‍ അത് ഉണ്ടാകില്ലെന്ന് പറയുന്നു. പാക്കിസ്ഥാനേക്കാള്‍ അപകടകാരികളായാണ് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും ചൈനയെ കണക്കാക്കുന്നത്.

Top