മോദി-പവാര്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിന് അതൃപ്തി; ചര്‍ച്ച ചെയ്തത് കര്‍ഷ പ്രശ്നങ്ങളെന്ന് എന്‍സിപി

മുംബൈ: ത്രികക്ഷി സര്‍ക്കാരിന് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ നടപടിയില്‍ കോണ്‍ഗ്രസിനും അതൃപ്തി. മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം നിലനില്‍ക്കവെ പവാര്‍ ഡല്‍ഹിയിലെത്തി മോദിയെ കണ്ടതിലാണ് കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്.പവാറിന്റെ നടപടി സഖ്യനീക്കങ്ങളില്‍ സംശയമുണ്ടാക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.

കര്‍ഷകപ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. ഈ സാഹചര്യത്തിലാണ് എതിര്‍ചേരിയിലായിട്ടും ശരദ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു മിനിമം പരിപാടിയില്‍ ശിവസേന ഉറച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെ ചിത്രം വ്യക്തമാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു.

Top