മോദി ജനങ്ങളാല്‍ വലിച്ചെറിയപ്പെട്ടേക്കാം, രാഹുലിനോ കോണ്‍ഗ്രസിനോ അദ്ദേഹത്തിന്റെ ശക്തി അറിയില്ല; പ്രശാന്ത് കിഷോര്‍

പനാജി: വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി കാലങ്ങളോളം തുടരുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. എന്നാല്‍ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഇക്കാര്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോവയില്‍ പൊതുപരിപാടിയിലെ ചോദ്യോത്തര വേളയില്‍ ആയിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

സ്വാതന്ത്ര്യത്തിന് ശേഷം 40 വര്‍ഷത്തോളം കോണ്‍ഗ്രസ് നിലനിന്നിരുന്നത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ഷങ്ങളോളം ബിജെപി തുടരും. ബി.ജെ.പി ഇവിടെ നിന്ന് എവിടേക്കും പോവില്ല. മോദിക്കെതിരെയുള്ള ജനവികാരമെന്ന ഈ കെണിയില്‍ ഒരിക്കലും വീഴരുത്, ഒരുപക്ഷേ ജനങ്ങള്‍ മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി എങ്ങും പോകുന്നില്ല. അവര്‍ ഇവിടെ തന്നെ ഉണ്ടാവും. ദശാബ്ദങ്ങളോളം അവര്‍ ഇവിടെ പോരാടും.

നരേന്ദ്രമോദിയുടെ ശക്തി നിങ്ങള്‍ മനസ്സിലാക്കുകയോ പരിശോധിക്കുകയോ ചെയ്യാത്തപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്താനും പകരം വെയ്ക്കാനും നിങ്ങള്‍ക്ക് കഴിയില്ല, അദ്ദേഹത്തിന്റെ ശക്തി മനസ്സിലാക്കുന്നതിനും അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും നിങ്ങള്‍ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ് താന്‍ കാണുന്ന പ്രശ്നമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഭാവിയെ കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ കാണുന്നുവെന്ന് കിഷോര്‍ ചൂണ്ടിക്കാട്ടി, ‘നിങ്ങള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവുമായോ ഏതെങ്കിലും പ്രാദേശിക നേതാവുമായോ പോയി സംസാരിക്കൂ, അവര്‍ പറയും, ഇത് സമയത്തിന്റെ കാര്യമാണ്, ആളുകള്‍ മടുത്തു തുടങ്ങിയിരിക്കുന്നു, ഒരു ഭരണവിരുദ്ധത തരംഗം ഉണ്ടാകും, ആളുകള്‍ അദ്ദേഹത്തെ പുറത്താക്കും എന്നൊക്കെ. എന്നാല്‍ അവിടെയാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തെറ്റ് പറ്റുന്നതും. അത് സംഭവിക്കില്ലെന്നും കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്കും സംഘടനാപരമായ പ്രശ്നങ്ങള്‍ക്കും ദ്രുതപരിഹാരങ്ങളൊന്നുമില്ലെന്ന് നേരത്തെയും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രി മോദിയുടെ 2014 ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശാന്ത് 2024 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള നീക്കങ്ങളില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് പ്രശാന്ത് വിട്ടുനില്‍ക്കുമെന്നും 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നുമാണ് സൂചനകള്‍.

നേരത്തെ, പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളിലൂന്നി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോണ്‍ഗ്രസുമായും പ്രശാന്ത് കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ ചര്‍ച്ചകള്‍ നടന്നില്ലെന്ന വാര്‍ത്തകളും പിന്നീട് പുറത്തുവന്നു.

Top