ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; മോദിക്ക് കത്തയച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് …

മുസഫര്‍പുര്‍: പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച ബുദ്ധിജീവികള്‍ക്കെതിരെ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓഝയാണ് മുസാഫര്‍പൂര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഹര്‍ജി.

രാജ്യത്ത് വളര്‍ന്നുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സംവിധായകന്‍ മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അപര്‍ണാ സെന്‍, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട 49 പേര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അതേസമയം 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം 60 ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. നടി കങ്കണ റണാവത്ത്, സെന്‍സര്‍ ബോര്‍ഡ് മേധാവി പ്രസൂണ്‍ ജോഷി, സംവിധായകരായ മധൂര്‍ ഭണ്ഡാര്‍ക്കര്‍, വിവേക് അഗ്നിഹോത്രി എന്നിവരടക്കമുള്ളവരാണ് കത്ത് നല്‍കിയവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇവര്‍ അയച്ച കത്ത് രാഷ്ട്രീയ താല്‍പര്യം ഉള്ളതും, മോദിയുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കുന്നതുമാണ് എന്നായിരുന്നു കങ്കണ അടക്കമുള്ളവര്‍ പറഞ്ഞത്. നക്സല്‍ ആക്രമണങ്ങളില്‍ ആദിവാസികളും ദുരിതമനുഭവിക്കുന്നവരും കൊല്ലപ്പെടുമ്പോഴും കശ്മീരില്‍ വിഘടനവാദികള്‍ സ്‌കൂളുകള്‍ കത്തിക്കുമ്പോഴുമെല്ലാം ഇവര്‍ നിശബ്ദരാണെന്നും എതിര്‍പ്പുമായി എത്തിയവര്‍ പറഞ്ഞു.

Top