മോദി തന്റെ മരണം ആഗ്രഹിക്കുന്നു, താനും കൊല്ലപ്പെട്ടേക്കാമെന്ന് കെജ്രിവാള്‍…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നും മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്നും കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു.

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്രിവാളിന്റെ പ്രധാനമന്ത്രിക്കെതിരായ ആരോപണം.

കെജ്രിവാളിന് ഇത്തരത്തില്‍ ഒരു അവസ്ഥ വന്നതില്‍ ദുഃഖമുണ്ട്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള കെജ്രിവാളിന്റെ ഈ സംശയം ഡല്‍ഹി പൊലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതാണെന്നും. നിങ്ങള്‍ക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതില്‍ സ്വാതന്ത്യം ഉണ്ടെന്നും, അക്കാര്യത്തില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോട് പറയൂ എന്നും വിജയ് ഗോയല്‍ മറുപടി നല്‍കിയിരുന്നു.

താങ്കള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ഗോയല്‍ ട്വീറ്റിലൂടെ അറിയിച്ചു. ഇതിന് മറുപടി ആയിട്ടാണ് മോദിജിയാണ് തന്റെ മരണം ആഗ്രഹിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥരല്ലെന്നുമുള്ള കെജ്രിവാളിന്റെ മറുപടി.

കഴിഞ്ഞ ആഴ്ച ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്രിവാള്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന പ്രസ്താവന നടത്തിയത്.

Top