Modi is not a typical leader; says Mushahid Hussain Syed

വാഷിങ്ടണ്‍: മോദി അസാധാരണ നേതാവാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദൂതന്‍ മുഷാഹിദ് ഹുസൈന്‍ സയ്യിദ്.

ഏവരെയും അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് മോദിക്കുണ്ട്. തീരുമാനങ്ങള്‍ മോദി വളരെ പെട്ടെന്നെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് മോദി നല്ല തീരുമാനങ്ങള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ മോദിക്കും ഷെരീഫിനും യോജിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് മുഷാഹിദ് ചൂണ്ടിക്കാട്ടി.

യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് ദൂതന്റെ ഈ പ്രതികരണം.

ഇസ്ലാമാബാദില്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് സമ്മേളനം നടക്കണമെന്നും അതില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്തണമെന്നും മുഷാഹിദ് പറഞ്ഞു. സാര്‍ക്കില്‍ നവാസ് ഷെരിഫിനെ മോദി ആലിംഗനം ചെയ്യണമെന്നും ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനുള്ള വഴി ഇത് മാത്രമാണെന്ന് മോദി മനസ്സിലാക്കണമെന്നും പാക് ദൂതന്‍ അവകാശപ്പെട്ടു.

കശ്മീര്‍ വിഷയവും ഇന്ത്യ-പാക് വിഷയങ്ങളുമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് ആഗോള ശക്തിയായിമാറുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് അറിയാം. പാകിസ്താനുമായി നല്ലബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ ഇതിന് കഴിയില്ലെന്ന് മോദിക്കും അറിയാം. യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ വിപണികള്‍ പത്തുവര്‍ഷം പിന്നിലേക്ക് പോകും. ഇത് മോദി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും മുഷാഹിദ് അഭിമുഖത്തില്‍ വ്യക്തമാക്കി.

Top