‘മോദി പതിവു നുണയൻ’; 2009ലെ പ്രൊജക്ട് ചീറ്റയെ ചൂണ്ടിക്കാട്ടി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയിൽ ചീറ്റപ്പുലികൾ ഇല്ലാതായതിന് ശേഷം അവയെ വീണ്ടുമെത്തിക്കാൻ പതിറ്റാണ്ടുകളായി അർഥവത്തായ ഒരു ശ്രമവും നടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ്. 2009ൽ തന്നെ പ്രൊജക്ട് ചീറ്റക്ക് വേണ്ടിയുള്ള പ്രാരംഭനടപടികൾ ആരംഭിച്ചതായി വ്യക്തമാക്കുന്ന കത്ത് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

”2009ൽ പ്രൊജക്ട് ചീറ്റ ആരംഭിച്ചതായി വ്യക്തമാക്കുന്ന കത്താണിത്. നമ്മുടെ പ്രധാനമന്ത്രി ഒരു സ്ഥിരം നുണയനാണ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായതിനാൽ ഇന്നലെ ഈ കത്ത് തിരയാൻ എനിക്ക് സമയം കിട്ടിയില്ല”-എന്ന കുറിപ്പോടെയാണ് ജയറാം രമേശ് കത്ത് പുറത്തുവിട്ടത്.

രണ്ടാം യുപിഎ സർക്കാറിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിക്ക് 2009 ഒക്ടോബറിൽ എഴുതിയ കത്താണ് പുറത്തുവിട്ടത്. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള യുപിഎ സർക്കാരിന്റെ പദ്ധതി 2012-ൽ സുപ്രീംകോടതി തടഞ്ഞിരുന്നു. ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് ചീറ്റകളുടെ പുനരുജ്ജീവനം നടത്തുന്നത് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (ഐയുസിഎൻ) മാർഗനിർദേശങ്ങൾക്കെതിരാണെന്നുള്ള പരിസ്ഥിതിപ്രവർത്തകരുടെ വാദത്തെ തുടർന്നായിരുന്നു ഇത്.

Top