ഗ്ലാസ്ഗോ കൂടിക്കാഴ്ചയിൽ ബോറിസ് ജോൺസണെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു

ഗ്ലാസ്‌ഗോ: കോവിഡ് കാരണം നേരത്തെ നടക്കാതെ പോയ ഇന്ത്യ സന്ദര്‍ശനം ഇനിയും വൈകിക്കരുതെന്ന മോദിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല ചൊവ്വാഴ്ച്ച അറിയിച്ചു.

ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെയായിരുന്നു ഇരുപ്രധാനമന്ത്രിമാരുടെയും വ്യക്തിപരമയാ കൂടിക്കാഴ്ച. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകള്‍, സാമ്പത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചര്‍ച്ച നടത്തി.

ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ ആ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. ബോറിസ് ജോണ്‍സന്റെ ഇന്ത്യന്‍ സന്ദര്‍ശനം മുടങ്ങിയതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഗ്ലാസ്‌ഗോവില്‍ നടന്നത്.

കാലാവസ്ഥാ വ്യതിയാനങ്ങളെ കുറക്കാനുള്ള സഹകരണം ഉള്‍പ്പടെ പ്രധാന വിഷങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബോറിസ് ജോണ്‍സണിനെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Top