കൂടിക്കാഴ്ച അവസാനിച്ചു; പ്രധാനമന്ത്രി മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഇരുവരും ഒരു മണിക്കൂറോളം സംസാരിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍ നിന്നും മടങ്ങി.

മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വത്തിക്കാന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

വത്തിക്കാനില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്‌റാള്‍, എ.ബി. വാജ്‌പേയി എന്നിവരാണ് മുമ്പ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. 1999ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.

Top