തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ സംഘാം​ഗങ്ങളുമായി സംവദിച്ച് മോദി

ദില്ലി: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ സഹായ-ദുരന്തനിവാരണ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. ദുരന്തനിവാരണത്തിൽ പങ്കെടുത്തുവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സ്വയംപര്യാപ്തതയിൽ മാത്രമല്ല, നിസ്വാർത്ഥ രാജ്യമെന്ന നിലയിലും ലോകത്തിന് മുന്നിൽ ശക്തി വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഫെബ്രുവരി ഏഴിനാണ് മൂന്ന് എൻ‌ഡി‌ആർ‌എഫ് ടീമുകളെ തുർക്കിയിലേക്ക് അയച്ചത്. ഭൂകമ്പ ബാധിതർക്ക് സഹായം ചെയ്യാനായി ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സംഘത്തെയും അയച്ചിരുന്നു.

നിങ്ങൾ മനുഷ്യരാശിക്ക് നിസ്വാർഥ സേവനം ചെയ്യുകയും രാജ്യത്തിന്റെ അഭിമാനമാകുകയും ചെയ്തെന്ന് തുർക്കിയിൽ നിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങൾ ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നു. പ്രതിസന്ധിയിലായ ഏതൊരു അംഗത്തെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിലെ ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം ദൗത്യത്തിന് ശേഷം തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 99 അംഗ സംഘം 4,000 രോഗികളെ രാപ്പകലില്ലാതെ പരിചരിച്ചെന്നും അദ്ദേഹം പറഞ്ഞു.

Top