കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ ഇന്ത്യന്‍ ശക്തി ലോകം കണ്ടു. വെട്ടിപ്പിടിക്കല്‍ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമര്‍ശനം.

ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ രാജ്യം മറുപടി നല്‍കി. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സേവനമാണ് പരമമായ ധര്‍മമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികള്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്ന് മോദി പറഞ്ഞു. അവരോട് താന്‍ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.

ലോകം ഇന്ന് ഇന്ത്യയേ ആണ് ഉറ്റ് നോക്കുന്നത്. ലോകത്തിന് വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഇന്ത്യയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് എറ്റവുമധികം യുജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവര്‍. നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തില്‍ കൂടിയാണ്. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top