അമേരിക്കയില്‍ ‘കളി’ തുടങ്ങി, മോദിയും ട്രംപിന് ആയുധം !

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ വീഡിയോയില്‍ ഡോണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയിലെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയിലെയും ദൃശ്യങ്ങളാണ് പ്രചാരണത്തിനായി ഉള്‍പ്പെടുത്തിയത്. 20 ലക്ഷം വരുന്ന അമേരിക്കന്‍-ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് മോദിയെ പ്രചാരണ വീഡിയോയില്‍ ഉള്‍പ്പെടുത്തിയത്.

ഹൂസ്റ്റണിലെ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് മുമ്പില്‍ ട്രംപിനെ പ്രകീര്‍ത്തിച്ച് മോദി സംസാരിക്കുന്ന രംഗങ്ങളാണ് തെരഞ്ഞെടുപ്പ് വീഡിയോയില്‍ ആദ്യം. പിന്നാലെ ഇന്ത്യക്കാരെ പ്രകീര്‍ത്തിച്ച് ട്രംപ് അഹമ്മദാബാദില്‍ നടത്തിയ പ്രസംഗവുമുണ്ട്.

ട്രംപിന്റെ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് അഹമ്മദാബാദില്‍ മോദിയോടൊപ്പം വന്‍ ജനാവലിയെ അഭിസംബോധന ചെയ്തത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജെര്‍ഡ് കുഷ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Top