രാജ്യം കേരളത്തിനൊപ്പം നില്‍ക്കണമെന്ന് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: പ്രളയത്തില്‍ ദുരിതമനുഭവിയ്ക്കുന്ന കേരളത്തിനൊപ്പം രാജ്യം നില്‍ക്കണമെന്ന് മന്‍ കീ ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. രക്ഷാ ബന്ധന്‍ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യോമ-കര-നാവിക സേനയെ മോദി പ്രശംസിച്ചു.

അതേസമയം, വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രം തൊടുന്യായം പറഞ്ഞ് തടസ്സം നില്‍ക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ജനങ്ങള്‍ക്ക് ധനസഹായം എത്തിക്കുന്നതിനാവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍, പൊതുവായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണമാണ് കേരളം നേരിടുന്ന വെല്ലുവിളി. ഇതിന് ഏറ്റവും ചുരുങ്ങിയത് ഇരുപത്തി അയ്യായിരം കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു.

ഇത് സംസ്ഥാന സര്‍ക്കാരിന് സമാഹരിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണം. ലോകബാങ്കില്‍ നിന്നും, ഐക്യരാഷ്ട്രസഭയുടെ സംഘടനകളില്‍ നിന്നെല്ലാം വായ്പ ലഭിയ്ക്കും. എന്നാല്‍ വായ്പ പരിധി 25,000 ആയി എങ്കിലും ഉയര്‍ത്തിയാല്‍ മാത്രമേ ഇത് സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ 3 ശതമാനം മാത്രമാണ് വായ്പ എടുക്കാന്‍ സാധിക്കുക. ഇത് രണ്ട് വര്‍ഷത്തേയ്ക്ക് 4 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തണം.

യുഎഇയും ഐക്യരാഷ്ട്രസഭയും പ്രഖ്യാപിച്ച ധനസഹായങ്ങള്‍ വേണ്ട എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ഇക്കാര്യത്തിലെല്ലാം വിവാദങ്ങള്‍ പുകയുമ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തോട് കേരളത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. മന്‍ കി ബാത്തിന്റെ 47-ാംമത് എപ്പിസോടാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്.

Top