ക്യാമ്പസ്സുകള്‍ നൂതന ആശയങ്ങളുടെ കേന്ദ്രങ്ങളെന്ന് മോദി ബോംബെ ഐഐടിയ്ക്ക് സാമ്പത്തിക സഹായം

ന്യൂഡല്‍ഹി : ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ ഉപകരണങ്ങളാണ് ഐഐടിയെന്ന് (India’s Instrument of Transformation) പ്രധാനമന്ത്രി നരേന്ദ്രമോദി. ബോംബെ ഐഐടിയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആശയങ്ങള്‍ ഉയര്‍ന്നുവരുന്നത് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നല്ല, പകരം ക്യാമ്പസ്സുകളില്‍ നിന്നാണ്.. യുവമനസ്സുകളില്‍ നിന്നാണ് അതുണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നവീന സംരംഭങ്ങളാണ് ഇന്ത്യന്‍ വികസനത്തിന്റെ അടിസ്ഥാന ശില. ഇന്ത്യയെ നവീകരിക്കുക എന്നത് മാനവികതയുടെ നവീകരണമാണ്. സുസ്ഥിരമായ സാങ്കേതിക വിദ്യയിലൂടെ മാത്രമേ സാമ്പത്തിക ഭദ്രതയുണ്ടാകൂ.

21നാം നൂറ്റാണ്ടിന്റെ ആപ്തവാക്യം തന്നെ നൂതനതയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി രാജ്യം മാറിയിരിക്കുന്നു. യുവസംരഭകതയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനങ്ങള്‍ കുറക്കുക, കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ജലസംരക്ഷണം, പോഷകാഹാരക്കുറവ് പരിഹരിക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആയിരം കോടി രൂപയുടെ സാമ്പത്തിക സഹായം ഐഐടിയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Top