ഷാങ്ഹായി ഉച്ചകോടി തുടങ്ങി ; ഇമ്രാന്‍ഖാനെ അഭിവാദ്യം ചെയ്യാന്‍ തയ്യാറാകാതെ മോദി

കിര്‍ഗിസ്താന്‍: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്ക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കും. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലന്നും നരേന്ദ്രമോദി ആവശ്യപ്പെടുമെന്നാണ് നിരീക്ഷണം.

ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടിലും ഇമ്രാന്‍ഖാനെ അഭിവാദ്യം ചെയ്യാന്‍ മോദി തയ്യാറായില്ല. ഇന്നലെ നടന്ന അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഭീകരവാദത്തിനെതിരെ ഇന്ത്യ മുന്നോട്ട് വച്ച നിലപാടിനെ കുറിച്ച് അഭിപ്രായം പറയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യാന്തര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്ന പാക് നിര്‍ദ്ദേശം ഇന്ത്യക്ക് സ്വീകാര്യമല്ല.

Top