ഏറ്റവും കൂടുതല്‍ കാലം രാജ്യത്തെ നയിച്ച കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി റെക്കോര്‍ഡിട്ട് മോദി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി ചരിത്രം കുറിക്കാന്‍ നരേന്ദ്രമോദി. അടല്‍ ബിഹാരി വാജ്‌പേയിയുടെ റെക്കോര്‍ഡാണ് മോദി ഇന്നു മറികടക്കുക. 2272 ദിവസമാണ് വാജ്‌പേയി ഇന്ത്യ ഭരിച്ചത്. ആദ്യം 16 ദിവസവും ഇടവേളയ്ക്കു ശേഷം 2256 ദിവസവും (ആകെ 6 വര്‍ഷം 2 മാസം 20 ദിവസം).

ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരില്‍ നാലാം സ്ഥാനമാണ് മോദിക്ക്. ജവാഹര്‍ലാല്‍ നെഹ്‌റു (6130 ദിവസം), ഇന്ദിര ഗാന്ധി (ഇടവേളയോടെ 5829 ദിവസം), മന്‍മോഹന്‍ സിങ് (3656 ദിവസം) എന്നിവര്‍ക്കാണ് ആദ്യ 3 സ്ഥാനങ്ങള്‍. ഇന്ദിര ഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971-77, 2198 ദിവസം) കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നതു നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയാണ് (2014-19, 1830 ദിവസം).

ഇതോടൊപ്പം രണ്ടാം മന്‍മോഹന്‍ സിങ് മന്ത്രിസഭ (2009-14, 1830 ദിവസം) ഉണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താല്‍ ഏതാനും മിനിറ്റ് കൂടുതല്‍ ഭരിച്ചത് നരേന്ദ്ര മോദിയാണ്. ജവാഹര്‍ലാല്‍ നെഹ്റുവിനും (1957, 62) മന്‍മോഹന്‍ സിങ്ങിനും (2009) ശേഷം 5 വര്‍ഷം തികച്ചു പൊതുതിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രിയാണ് മോദി (2019). ഇടക്കാല പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ ഉള്‍പ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ 29 മന്ത്രിസഭകളാണു ഇതുവരെ അധികാരത്തിലിരുന്നത്.

Top