ആര്‍സിഇപി ഉച്ചകോടി : പ്രധാനമന്ത്രി ഇന്ന് തായ്‌ലാന്‍ഡിലേക്ക്

ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തികപങ്കാളിത്ത (ആര്‍ സി ഇ പി) കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലാന്‍ഡിലേക്ക് തിരിച്ചു. തിങ്കളാഴ്ച നടക്കുന്ന ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കും. ആര്‍സിഇപി ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാന്‍ ഉച്ചകോടിയിലും പതിനാലാമത് കിഴക്കനേഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കാളിയാകും.

ശനിയാഴ്ച വൈകീട്ട് ബാങ്കോക്കിലെത്തുന്ന മോദി, അവിടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തായ്ലാന്‍ഡിലെ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യും.

അതേസമയം ഇന്ത്യ അടക്കം 16 രാജ്യങ്ങളുള്ള ആര്‍സിഇപിയില്‍ സ്വതന്ത്ര വ്യാപാരത്തിനായുള്ള കരാര്‍ ഇന്ത്യ ഇപ്പോള്‍ ഒപ്പുവയ്ക്കില്ലെന്നാണ് സൂചന. ഇന്ത്യ ഉന്നയിച്ചിട്ടുള്ള ചില വിഷയങ്ങളില്‍ ചര്‍ച്ച നടത്തി തീര്‍പ്പുണ്ടാക്കിയ ശേഷം അടുത്ത ജൂണിലായിരിക്കും തീരുമാനമെന്നാണ് വാണിജ്യ മന്ത്രാലയം നല്‍കുന്ന വിവരം.

ചൈന ഉള്‍പ്പെടെയുള്ള ആര്‍സിഇപി രൂപീകരണ പ്രഖ്യാപനമാണ് ബാങ്കോക്കില്‍ നടക്കുക. സാമ്പത്തിക, സൈനിക ശക്തിയായി ചൈന വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് നോന്‍താബുരിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടി നടക്കുന്നത്. അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം.

Top