അഴിമതി കേസുകളിൽ മോദിയ്ക്ക് രണ്ട് നിലപാട് , ഒപ്പമുള്ളവർക്കും പിന്തുണ നൽകുന്നവർക്കും സംരക്ഷണമാണ് ‘ഗ്യാരണ്ടി’

തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍എതിരാളികളെ വീഴ്ത്താന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലന്നാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തെ പിളര്‍ത്തിയും ആ സഖ്യത്തിലെ ഘടകകക്ഷി നേതാക്കളെ കേസില്‍ കുരുക്കിയും അറസ്റ്റ് ചെയ്ത് ജയിലിടച്ചുമെല്ലാം കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ടു പോകുമ്പോള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന ചോദ്യവും പ്രസക്തമാവുകയാണ്. പിളര്‍പ്പുകളും അറസ്റ്റുകളും വഴി ഇന്ത്യ സഖ്യത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ആ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക തന്നെ വേണം.

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ സെന്തില്‍ ബാലാജി എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇതിനു പിന്നാലെയാണിപ്പോള്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാസഖ്യം വിട്ട് എന്‍ഡിഎയിലേക്കു പോയതിനു തൊട്ടു പിന്നാലെയാണ് അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അറസ്റ്റും നടന്നിരിക്കുന്നത്. അടുത്തതാര് എന്ന ചോദ്യം ഉയരുമ്പോള്‍ ചങ്കിടിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനാണ്. ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാമെന്ന അവസ്ഥയിലാണ് കെജരിവാള്‍ ഇപ്പോള്‍ കഴിയുന്നത്. മറ്റുചില പ്രതിപക്ഷനേതാക്കളും സമാന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പിളര്‍പ്പുകളും അറസ്റ്റുകളും സൃഷ്ടിച്ച് ഇന്ത്യാ മുന്നണിയെ തന്നെ നാമവശേഷമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷ സഖ്യമിപ്പോള്‍ ഉയര്‍ത്തുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ അതായത് ഇ.ഡി നിരവധി തവണയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ പ്രചാരണം നടത്തുന്നതു തടയുന്നതിനായി അറസ്റ്റ് ഉറപ്പാണെന്നാണ് കെജരിവാളും പറയുന്നത്. അതായത് നൂറു ശതമാനവും അറസ്റ്റ് പ്രതീക്ഷിച്ചു തന്നെയാണ് കെജരിവാള്‍ മുന്നോട്ടു പോകുന്നതെന്നത് വ്യക്തം.ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലിലായിട്ട് പതിനൊന്നുമാസമായി എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. മദ്യനയ അഴിമതികേസുമായി ബന്ധപ്പെട്ട് സി ബി ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സിസോദിയയെ പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തതോടെ കുരുക്ക് കൂടുതല്‍ മുറുകുകയാണ് ഉണ്ടായത്. കെജരിവാള്‍ അറസ്റ്റിലായാലും സംഭവിക്കാന്‍ പോകുന്നതും ഇതൊക്കെ തന്നെയാണ്.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ് ഭാര്യ റാബറി ദേവി മക്കളായ തേജസ്വി യാദവ് മിസ ഭാരതി ഹേമ യാദവ് എന്നിവരുള്‍പ്പെട്ട ‘ആര്‍ജെഡി കുടുംബ’വും നിലവില്‍ അറസ്റ്റ് ഭീഷണിയിലാണുള്ളത്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും നാഷനല്‍ ഹെറള്‍ഡ് കേസില്‍ ചോദ്യം ചെയ്തതിനു ശേഷമുള്ള തുടര്‍ നടപടികളെ കോണ്‍ഗ്രസ്സും ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. ലാലു കുടുംബം മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും വരെ അറസ്റ്റ് ചെയ്യപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല.

ഇതിനു പുറമെ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ ശിവകുമാറിനെതിരായ കേസിലും സി.ബി.ഐ ശക്തമായാണ് മുന്നോട്ടു പോകുന്നത്. കര്‍ണ്ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ്സിനു ഭരണം നേടി കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡി.കെ ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ കണ്ണിലെ പ്രധാന കരടാണ്. ഈ ഉന്നത നേതാക്കള്‍ക്കു പുറമെ പ്രതിപക്ഷത്തെ പല നേതാക്കളും കേന്ദ്ര ഏജന്‍സികളുടെ റഡാറിലാണുള്ളത്.

വീരശൂര പരാക്രമിയായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലുംജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ അറസ്റ്റ് കണ്ട് ഭയന്നിരിക്കുകയാണ്. മോദിക്ക് മൂന്നാം ഊഴം ഉറപ്പു വരുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്താണ് ബി.ജെ.പി ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയിരിക്കുന്നത്. അഥവാ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട ഓപ്പറേഷന്‍ ‘ബി’യും അവര്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യം സര്‍ക്കാറുണ്ടാക്കിയാല്‍ വലിയ തോതിലുള്ള പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് മോദി ഭരണകൂടം അസാധാരണമായ അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടന്നിരിക്കുന്നത്.

അഴിമതിക്കാരാണ് പ്രതിപക്ഷത്തുള്ളത് എന്നത് ചൂണ്ടിക്കാട്ടിയും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചത് എണ്ണിപ്പറഞ്ഞും വോട്ട് പിടിക്കാനും അവര്‍ ശ്രമിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഭൂപേഷ് ബാഗേലിനെ ഇ.ഡി ചോദ്യം ചെയ്തതു പോലും പ്രചാരണവിഷയമാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അതുകൊണ്ടു തന്നെ ഇത്തരം പ്രചരണങ്ങള്‍ ബി.ജെ.പി നേതാക്കള്‍ വ്യാപകമായി തന്നെ അഴിച്ചുവിടും. അഴിമതിക്കെതിരെ പോരാടന്‍ രൂപീകരിച്ച ആംആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ ഉള്‍പ്പെടെ കുടുക്കുകവഴി ഭാവിയിലെ ഭീഷണിയെ ആണ് നുള്ളിക്കളയാന്‍ ബി.ജെ.പി ശ്രമിച്ചിരിക്കുന്നത്.

ഡല്‍ഹിക്കും പഞ്ചാബിനും പുറമെ ഹരിയാണയിലും മോദിയുടെ തട്ടകമായ ഗുജറാത്തിലും ഉള്‍പ്പെടെ വേരുറപ്പിച്ച് വരുന്നതിനിടെയാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തെ ബി.ജെ.പി ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. ഈ പൂട്ട് പൊട്ടിച്ച് പ്രതിപക്ഷ നേതാക്കള്‍ പുറത്തു വരുമോ എന്നത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ ആശ്രയിച്ചാണിരിക്കുന്നത്. അറസ്റ്റിലാകുന്നവര്‍ക്കും ചോദ്യം ചെയ്യപ്പെടുന്നവര്‍ക്കുമെതിരെ അഴിമതിക്കേസുകള്‍ നിലവിലുണ്ടെന്നതു ഒരു വസ്തുത തന്നെയാണ്. എന്നാല്‍ ഇതെല്ലാം തന്നെ കള്ളക്കേസുകള്‍ ചുമത്തി കുടുക്കിയതാണെന്ന വാദത്തിലാണ് പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നത്.

ബി.ജെ.പിക്ക് എതിരെ നീങ്ങിയാല്‍ ജയില്‍, ഒപ്പംകൂടിയാല്‍ പദവികളും സംരക്ഷണവും, എന്നതാണ് ബി.ജെ.പിയുടെ നയം. ഇതിനു ചൂണ്ടിക്കാട്ടാന്‍ നിരവധി ഉദാഹരണങ്ങളുമുണ്ട്. മഹാരാഷ്ട്രയില്‍ അജിത് പവാറിനു ലഭിച്ച പരിരക്ഷ ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. ശിവസേന സഖ്യ സര്‍ക്കാറിനെ മറിച്ചിടാന്‍ ഒപ്പം നിന്നതിത് ഉപമുഖ്യമന്ത്രി പദവും കേസുകളില്‍ നിന്നുള്ള പരിരക്ഷയുമാണ് അജിത് പവാറിന് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രതിപക്ഷത്താണെങ്കിലും എന്‍.സി.പി നേതാവ് ശരദ് പവാറിന് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നതു തന്നെ മരുമകനായ അജിത് പവാര്‍ ബി.ജെ.പി സഖ്യത്തില്‍ ഉള്ളതു കൊണ്ടു മാത്രമാണ്. നിതീഷ് കുമാറിനു പിന്നാലെ ബി.ജെ.പി പാളയത്തില്‍ എത്താന്‍ സാധ്യനയുള്ള പ്രമുഖ നേതാവും ശരദ് പവാര്‍ തന്നെയാണ്.

നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാര്‍ലമെന്റില്‍ മോദി സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെയും മോദിയുടെ ഏജന്‍സികള്‍ ഇതുവരെ തൊട്ടിട്ടുമില്ല. ഇനിയൊട്ട് തൊടാനും പോകുന്നില്ല. പവാര്‍ കുടുംബത്തിനു പുറമെ അഴിമതിക്കേസുകളില്‍ കേന്ദ്രത്തിന്റെ സംരക്ഷണം ലഭിക്കുന്ന പ്രധാന നേതാവാണ് ജഗന്‍ മോഹന്‍ റെഡ്ഡി. ഇങ്ങനെ ഒപ്പം ഉള്ളവരെ സംരക്ഷിച്ചും എതിരാളികളെ കുരുക്കിയും മുന്നോട്ട് പോകുന്ന മോദി സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചായാലും കേന്ദ്ര ഭരണം നിലനിര്‍ത്തും എന്ന വാശിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിനായി അയോദ്ധ്യയിലെ രാമക്ഷേത്രവും പൗരത്വ നിയമഭേദഗതിയും മാത്രമല്ല ഗ്യാന്‍വാപി പള്ളി തര്‍ക്കവും ഉപയോഗപ്പെടുത്തുവാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ഇടതുപക്ഷ കേരളവും തമിഴ്നാട് സര്‍ക്കാറും പറയുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും അത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ലന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

EXPRESS KERALA VIEW

Top