‘മോദിയെക്കൊണ്ട് സാദ്ധ്യമാകും’ ബി.ജെ.പിയുടെ മുദ്രാവാക്യം പുറത്തുവിട്ടു

bjp karnataka

ന്യൂഡല്‍ഹി: ബി.ജെ.പി ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന മുദ്രാവാക്യം പുറത്തുവിട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ‘മോദിയെക്കൊണ്ട് സാദ്ധ്യമാകും’ എന്ന മുദ്രാവാക്ക്യമുയര്‍ത്തിയാവും ഇനി ബിജെപി വോട്ട് തേടുക.

ഭരണത്തിലെത്തിയ അന്നുമുതല്‍ മോദി തന്റെ പ്രവര്‍ത്തികളോടുള്ള ആത്മാര്‍ത്ഥതയും ഉത്സാഹവും തെളിയിച്ചതാണ്. മറ്റാര്‍ക്കും സാധിക്കാതിരുന്ന പലതും അദ്ദേഹത്തെ കൊണ്ട് സാധിച്ചിട്ടുണ്ട്. വിദേശനയം, സാമ്പത്തിക തുടങ്ങി തന്ത്രപ്രധാന വിഷയങ്ങളില്‍ മോദി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. സങ്കീര്‍ണമായ വിഷയങ്ങളില്‍ പോലും അതിവേഗം തീരുമാനങ്ങള്‍ കൈക്കൊണ്ടത് പ്രധാനമന്ത്രിയുടെ വ്യക്തതയും നിശ്ചയദാര്‍ഢ്യവും കൊണ്ടാണെന്ന് ജെയ്റ്റ്ലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോദി ഭരണത്തിലുണ്ടായ രാജ്യത്തിന്റെ കുതിപ്പ് തന്നെയാണ് ബി.ജെ.പിയെ ഇത്തരത്തിലൊരു മുദ്രാവാക്യം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു ജെയ്റ്റ്ലിയുടെ പോസ്റ്റ്. ലോകസമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ കുതിപ്പ് ദ്രുതഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ മുദ്രാവാക്യം പുറത്തു വന്നതോടെ അതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനും, പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മറച്ചുവയ്ക്കാനും, ജനങ്ങളില്‍ നിന്ന് സാമ്പത്തിക വിവരങ്ങള്‍ ഒളിപ്പിക്കാനും മോദിയെ കൊണ്ട് സാദ്ധ്യമാകും. എട്ട് കോടി തൊഴില്‍ രഹിതരെ സൃഷ്ടിക്കാനും, കര്‍ഷകരെ ദുരിതത്തിലാഴ്ത്താനും മോദിയെക്കൊണ്ട് സാദ്ധ്യമാകും എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ഈ കണക്കുകള്‍ അവസാനിക്കുന്നില്ലെന്നും ഇത് ആര്‍.എസ്.എസിന്റെ സ്ഥിരം പരിപാടിയാണെന്നും, മെയ് 23ന് ബി.ജെ.പിയുടെ മുടന്തന്‍ നയങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ജാ പറഞ്ഞു.

Top