തെരഞ്ഞെടുപ്പ്;മോദിക്ക് ആശ്വാസം,ജനുവരിയില്‍ മാത്രം സൃഷ്ടിക്കപ്പെട്ടത് 8.96 ലക്ഷം തൊഴിലുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് അടുക്കവേ മോദിക്ക് ആശ്വാസമായി ജനുവരിയില്‍ മാത്രം ഏകദേശം 8.96 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടെന്ന് ഇ.പി.എഫ്.ഒ റിപ്പോര്‍ട്ട്.

ഒരു മാസം കൊണ്ട് ഇത്രയേറെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത് ഒരു റെക്കോഡാണെന്നും ഡിസംബറില്‍ ഏഴുലക്ഷം പേര്‍ക്കും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3.87 ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ ലഭിച്ചതെന്നും എംപ്‌ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പറയുന്നു.

എന്നാല്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച താഴോട്ടാണെന്നാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് വിലയിരുത്തുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം (2019-20) ഇന്ത്യ 6.8 ശതമാനം വളരുമെന്നാണ് ഫിച്ച് പറയുന്നത്. എന്നാല്‍ മുമ്പ് ഇത് ഏഴ് ശതമാനമെന്നായിരുന്നു ഫിച്ചിന്റെ കണക്ക്. നടപ്പുവര്‍ഷം ഇന്ത്യ 7.8 ശതമാനം വളരുമെന്ന് വിലയിരുത്തിയ ഫിച്ച്, പിന്നീടിത് 7.2 ശതമാനമായി പുനര്‍നിശ്ചയിച്ചിരുന്നു. ക്രൂഡോയില്‍ വില വര്‍ദ്ധനയും ഉയരുന്ന ഭക്ഷ്യ വിലപ്പെരുപ്പവുമാണ് ഇന്ത്യയ്ക്ക് പ്രധാന തിരിച്ചടിയാവുകയെന്നും ഫിച്ച് അഭിപ്രായപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സമാഹരിച്ചത് 85,000 കോടി രൂപയാണ്. എന്നാല്‍ ലക്ഷ്യം വച്ചതിനേക്കാള്‍ 5,000 കോടി രൂപ അധികമാണിത്.

മ്യൂച്വല്‍ ഫണ്ട് മാതൃകയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്ക്കുന്ന പദ്ധതിയായ സി.പി.എസ്.ഇടി.എഫിന്റെ അഞ്ചാംഘട്ടത്തിലൂടെ ഈമാസം 9,500 കോടി രൂപയും റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനില്‍ (ആര്‍.ഇ.സി) സര്‍ക്കാരിനുള്ള 52.63 ശതമാനം ഓഹരികള്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന് വിറ്റതിലൂടെ 14,500 കോടി രൂപയും നേടിയതിലൂടെയാണ് ഓഹരി വില്‍പ്പന 85,000 കോടി രൂപ കടന്നത്.

പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ച് അടുത്ത സാമ്പത്തിക വര്‍ഷം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 90,000 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ അഞ്ചാംഘട്ട എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലൂടെ (ഇ.ടി.എഫ്) 3,500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, സമാഹരണം മൂന്നുമടങ്ങളോളം കുതിച്ച് 9,500 കോടിയിലെത്തി.

ഒന്നു മുതല്‍ അഞ്ചുവരെയുള്ള ഘട്ടങ്ങളിലായി ഈയിനത്തിലൂടെ മൊത്തം 38,000 കോടി രൂപയുടെ നേട്ടത്തിലേക്ക് കേന്ദ്രമെത്തി. മുന്‍നിര സ്ഥാപനങ്ങളായ ഒ.എന്‍.ജി.സി., എന്‍.ടി.പി.സി, കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഭാരത് ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയുടെ ഓഹരികളാണ് അഞ്ചാം ഘട്ട ഇ.ടി.എഫില്‍ വില്പനയ്ക്കുണ്ടായിരുന്നത്.

Top