സൈനിക ശക്തിയാക്കി ഇന്ത്യയെ മാറ്റും, നരേന്ദ്ര മോദിക്ക് വൻ പദ്ധതികൾ !

രാജ്യത്തിന്റെ വികസനത്തിനു വേണ്ടി നിലകൊള്ളുന്നതിനൊപ്പം സൈനികമായി കൂടുതല്‍ കരുത്താര്‍ജിക്കുക എന്നതാണ് മോദിയുടെ നയം. ഇനി ഒരു പുല്‍വാമ ആക്രമണമുണ്ടാവാതിരിക്കാന്‍ സൈനിക കരുത്ത് ശക്തമാക്കാനാണ് തീരുമാനം. പുതിയ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വിവിധ സേനാ മേധാവികളുമായുള്ള കൂടിക്കാഴ്ച ഉടന്‍ നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും ചുമതലയേല്‍ക്കുന്ന അജിത് ദോവല്‍ ഒരു മാര്‍ഗ്ഗരേഖ തന്നെ ഉണ്ടാക്കി കഴിഞ്ഞതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ കാര്യത്തില്‍ അതീവ താല്‍പ്പര്യത്തോടെയാണ് കഴിഞ്ഞ കാലങ്ങളിലും ഇടപെട്ടിരുന്നത്.

ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായും വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ എസ്. ജയശങ്കറും സുരക്ഷാസമിതിയില്‍ പുതുതായി വന്നിട്ടുണ്ട്. രാജ്‌നാഥ് സിംഗിന് പുറമെ നിര്‍മ്മല സീതാരാമനും സമിതിയില്‍ തുടരും. റഫേല്‍ യുദ്ധവിമാനം നേരത്തെ ലഭിച്ചിരുന്നുവെങ്കില്‍ ശത്രുവിന് കൂടുതല്‍ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ റഫേല്‍ യുദ്ധവിമാനവും അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെയും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.

ഇതിനു പുറമെ ഫ്രാന്‍സ്, റഷ്യ, അമേരിക്ക, ഇസ്രയേല്‍ രാജ്യങ്ങളുമായി വലിയ രൂപത്തിലുള്ള ആയുധ ഇടപാടുകള്‍ നടത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്.

പാക്കിസ്ഥാനെയും ചൈനയെയും ഒരേ സമയം ചെറുക്കുന്നതിനുള്ള ശേഷി സ്വന്തം നിലക്ക് ഉണ്ടാക്കാനാണ് ശ്രമം. സൈനികര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ലഭ്യമാക്കുക, അതിര്‍ത്തിയില്‍ കൂടുതല്‍ പ്രഹര ശേഷിയുള്ള പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തുക എന്നതും മോദി സര്‍ക്കാറിന്റെ ദൗത്യമാണ്.

സാമ്പത്തിക ശക്തിയായി ഒന്നാമതെത്താന്‍ കുതിക്കുമ്പോള്‍ തന്നെ സൈനിക ശക്തിയിലും അത് സാധ്യമാക്കുകയാണ് ലക്ഷ്യം. സ്വയം പര്യാപ്തമായി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികളും പുതിയ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകും.

പാക്കിസ്ഥാന്‍ ഇനിയും ഭീകരരെ മുന്‍ നിര്‍ത്തി ആക്രമിച്ചാല്‍ സ്പോട്ടില്‍ തന്നെ തിരിച്ചടിയുണ്ടാകും. പാക്ക് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരെ തുടരെ നടത്തണമെന്ന നിലപാടാണ് ഇപ്പോള്‍ സൈന്യത്തിനുള്ളത്.

അതേ സമയം ബാലക്കോട്ട് നടന്ന രൂപത്തിലുള്ള ആക്രമണം ഇനിയും ഇന്ത്യ നടത്തുമെന്ന ഭയം പാക്കിസ്ഥാനുമുണ്ട്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചവ്യോമ പാത ഇതുവരെ പാക്കിസ്ഥാന്‍ തുറന്നിട്ടില്ല.

മസൂദ് അസ്ഹറിനെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യന്‍ സേന ലക്ഷ്യമിടുമെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ആശങ്കകള്‍ മുന്‍ നിര്‍ത്തിയാണ് ഈ റിപ്പോര്‍ട്ടുകള്‍. ബിന്‍ലാദനെ വകവരുത്താന്‍ അമേരിക്ക ഉപയോഗിച്ച തന്ത്രം ഇസ്രയേല്‍ സഹായത്തോടെ ഇന്ത്യന്‍ സേന നടപ്പാക്കുമെന്ന ആശങ്ക ഐ എസ് ഐയ്ക്കുണ്ട്. ബാലക്കോട്ടില്‍ റഡാറിന്റെ കണ്ണ് വെട്ടിച്ച് ഇന്ത്യന്‍ സേനക്ക് ബോംബിടാമെങ്കില്‍ ഇത്തരമൊരു ആശങ്ക സ്വാഭാവികം തന്നെയാണ്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിച്ചതും പാക്കിസ്ഥാനെ ഇപ്പോള്‍ വെട്ടിലാക്കിയിട്ടുണ്ട്. ഇനി ഈ കൊടും ഭീകരനെ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയാല്‍ അത് ചോദ്യം ചെയ്യാന്‍ പോലും പാക്കിസ്ഥാന് കഴിയില്ല. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചവന് വേണ്ടി രംഗത്തിറങ്ങാന്‍ ചൈനക്കും സാധിക്കില്ല. മസൂദ് അസഹറിനെ ആഗോള ഭീകരനാക്കുന്നതിനെ അനുകൂലിക്കാന്‍ ചൈന നിര്‍ബന്ധിതമായത് ലോകം എതിരാകുമെന്ന ഭയത്താലായിരുന്നു. ഇവിടെ ഇന്ത്യന്‍ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്.

മസൂദ് അസഹറിനെ സംരക്ഷിച്ച് നിര്‍ത്തുന്നത് തന്നെ ഇപ്പോള്‍ പാക്കിസ്ഥാനെ സംബന്ധിച്ച് അപകടകരമാണ്. ഇനി ഒരു ആക്രമണം ഭീകരരുടെ ഭാഗത്ത് നിന്നും ഇന്ത്യയില്‍ ഉണ്ടായാല്‍ അതിന് പാക്കിസ്ഥാന്‍ വലിയ വില തന്നെ കൊടുക്കേണ്ടി വരും.

ഇതിനിടെ ഇന്ത്യയിലെ ഭീകരരുടെ വേരുകള്‍ തകര്‍ക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ തന്നെ രാജ്യവ്യാപകമായി നിരവധി പേരെയാണ് എന്‍.ഐ.എ പിടികൂടിയിരിക്കുന്നത്. ഇപ്പോള്‍ അമിത് ഷാക്ക് തന്നെ ആഭ്യന്തരമന്ത്രി പദം ലഭിച്ചതിനാല്‍ നടപടികള്‍ക്ക് ഇനി കൂടുതല്‍ വേഗത കൈവരാനാണ് സാധ്യത.

Top