മോദിയുടെ ഗുജറാത്തില്‍ ചെങ്കോട്ട തീര്‍ക്കാന്‍ എസ്എഫ്‌ഐ ഒരുങ്ങുന്നു…

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ എസ്എഫ്ഐ കരുത്താര്‍ജ്ജിക്കുന്നു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഗുജറാത്തില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എസ്എഫ്‌ഐയുടെ ഈ നീക്കം.

കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങള്‍ക്ക് പുറമേ ജെഎന്‍യു ആയിരുന്നു എസ്എഫ്ഐയുടെ ശക്തികേന്ദ്രം. എന്നാല്‍ ഇന്ന് ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും സംഘടന സാമാന്യം ശക്തമായ തലത്തിലേക്ക് മാറിക്കഴിഞ്ഞു. രാജസ്ഥാനില്‍ സര്‍വ്വകലാശാലകളിലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വേഷത്തിലിറങ്ങിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മികച്ച വിജയമാണ് നേടിയത്. ഇതിനെ തുടര്‍ന്നാണ് 12 വര്‍ഷത്തിനുശേഷം എസ്എഫ്ഐ സംസ്ഥാന ഘടകം ഗുജറാത്തില്‍ രൂപീകൃതമായതിന്റെ പ്രധാന കാരങ്ങളിലൊന്നായി മാറുന്നത്. സിംലയില്‍ നടക്കുന്ന എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിനും തീരുമാനമെടുക്കും.

എബിവിപിയും എന്‍എസ്യുമാണ് ദേശീയ തലത്തില്‍ എസ്എഫ്ഐയുടെ എതിരാളികള്‍. ഇടത് ഐക്യം എന്ന ആശയത്തിന്റെ പേരില്‍ ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായാണ് മത്സരിച്ചത്. അതേസമയം കേരളത്തില്‍ അടക്കം പലയിടത്തും എസ്എഫഐ-എഐഎസ്എഫ് തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു.

രാജ്യത്ത് സിപിഎം മുന്‍കൈയ്യെടുത്ത് നടത്തുന്ന കര്‍ഷക സമരങ്ങളിലെ പങ്കാളിത്തവും എസ്എഫ്ഐയുടെ വളര്‍ച്ചയും വോട്ടായി മാറിയാല്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സംഘടനയിലേക്കെത്തുന്നവരെ സംരക്ഷിക്കുകയെന്നതും എസ്എഫ്ഐയ്ക്ക് വെല്ലുവിളിയാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ പലയിടത്തും എസ്എഫ്ഐ കരുത്താര്‍ജ്ജിക്കുമ്പോള്‍ സിപിഎം വളരെ പരിതാപകരമായ അവസ്ഥയിലേക്ക് പോകുന്നുവെന്നതാണ് പ്രധാന തലവേദനയായി പാര്‍ട്ടിക്ക് മുന്നിലുള്ളത്.

Top