ഏഷ്യാനെറ്റ്, മീഡിയവണ്‍ ചാനല്‍ വലിക്ക്; പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ വിശദീകരണവുമായി കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍.
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു കൂടുതല്‍ പരിശോധിച്ച് നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രണ്ടു കേരള ടിവി ചാനലുകള്‍ 48 മണിക്കൂര്‍ നേരത്തേക്കു നിരോധിച്ചു. എന്താണു സംഭവിച്ചതെന്നു വളരെ പെട്ടെന്നുതന്നെ ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍ ചാനലുകള്‍ പെട്ടെന്നുതന്നെ പുനഃസ്ഥാപിച്ചു. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് അടിസ്ഥാനപരമായി ഞങ്ങള്‍ കരുതുന്നത്. അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശങ്ക അറിയിച്ചിരുന്നുവെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. അതിനാല്‍, നടപടിയില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കും. കേന്ദ്ര സര്‍ക്കാരിന്റേത് മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴരയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രനടപടി ഉണ്ടായത്. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ശനിയഴ്ച പുലര്‍ച്ചയോടെ ഏഷ്യാനെറ്റിന്റേയും രാവിലെ 9.30ഓടെ മീഡിയ വണ്ണിന്റേയും നിരോധനം നീക്കുകയായിരുന്നു.

Top