കേന്ദ്ര മന്ത്രിക്കെതിരായ കേസിൽ ഞെട്ടി മോദി സർക്കാർ, ലീഗിന്റെ കണക്കുകൂട്ടൽ തെറ്റിച്ച രാഷ്ട്രീയ നീക്കം

ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസ്സിനേ സാധിക്കൂവെന്ന് പറഞ്ഞ് വ്യാപക പ്രചരണം നടത്തുന്ന… യു.ഡി.എഫ് നേതാക്കൾ പോലും , അമ്പരന്ന് പോയ നീക്കമാണിപ്പോൾ പിണറായി സർക്കാർ നടത്തിയിരിക്കുന്നത്. മോദി മന്ത്രിസഭയിലെ പ്രധാനപ്പെട്ട ഒരു കേന്ദ്ര മന്ത്രിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

രാജ്യത്ത് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാന ഭരണ കൂടങ്ങൾ പോലും , പ്രയോഗിക്കാൻ മടിക്കുന്ന സാഹസ നിലപാടാണിത്. ഇതോടെ കേന്ദ്ര സർക്കാറുമായാണ് യഥാർത്ഥത്തിൽ ഇടതുപക്ഷ സർക്കാർ ഏറ്റുമുട്ടുന്നത്. ബി.ജെ.പിയോട് മൃദു സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കരുതെന്ന പ്രചരണത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. കേരളത്തിലെ ബി.ജെ.പിയുടെ പ്രധാന മുഖമായ സുരേഷ് ഗോപിക്കെതിരെ , മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ കേസെടുത്തതിനു പിന്നാലെയാണ് മറ്റൊരു സംഭവത്തിൽ കേന്ദ്രമന്ത്രിക്കെതിരെയും കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്, ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ, എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. കേരളത്തിലെ ഏറ്റവും വലിയ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയാണെന്ന പരിഗണന പോലും നൽകാതെ, പിണറായി സർക്കാർ എടുത്ത കർക്കശ നടപടി കോൺഗ്രസ്സ് നേതാക്കളെ മാത്രമല്ല , ബി.ജെ.പി നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയുടെ ചുവട് പിടിച്ച് , സോഷ്യൽ മീഡിയകളിൽ വിദ്വേഷ പ്രചരണം നടത്തിയവർക്കെതിരെയും ശക്തയായ നടപടിയാണിപ്പോൾ കേരള പൊലീസ് സ്വീകരിച്ചു വരുന്നത്. ഈ മിന്നിൽ നടപടിയിലൂടെ സംഘപരിവാറിനെതിരായ നിലപാട് കൂടിയാണ് പിണറായി സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

പലസ്തീൻ ഐക്യദാർഢ്യ റാലിയിലൂടെ , ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിച്ച് നേട്ടം കൊയ്യാമെന്ന … മുസ്ലീംലീഗിന്റെ കണക്കു കൂട്ടലുകൾ പിഴക്കുന്ന നീക്കമാണിത്, തുടക്കം മുതൽ ഹമാസ് – ഇസ്രയേൽ സംഘർഷത്തിൽ പലസ്തീൻ അനുകൂല നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. കടുത്ത ഭാഷയിലാണ് ഇസ്രയേൽ നടപടിയെ സി.പി.എം ചോദ്യം ചെയ്തിരുന്നത്. ലീഗ് അനുഭാവികൾക്കിടയിൽ പോലും സ്വീകാര്യത കിട്ടിയ ഈ പ്രതികരണത്തിനും മീതെ വലിയ ഒരു പ്രതിഷേധം തീർക്കുന്നതിനാണ് മുസ്ലീംലീഗ് നേതൃത്വം… കോഴിക്കോട്ട് റാലി സംഘടിപ്പിച്ചിരുന്നത്. എന്നാൽ , പലസ്തീൻ ഐക്യദാർഢ്യറാലിയിലെ മുഖ്യാതിഥിയായിരുന്ന ശശി തരൂർ , ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതോടെ റാലിയുടെ ഉദ്ദേശ ലക്ഷ്യവും പാളുകയാണുണ്ടായത്. തരൂരിനെ ലീഗ് റാലിയിൽ പങ്കെടുപ്പിച്ചതിനെതിരെ , ലീഗ് അണികൾക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന് മറുപടി പറഞ്ഞ് നേതാക്കൾ തളർന്നിരിക്കുമ്പോഴാണ്, കളമശ്ശേരിയിൽ സ്ഫോടനവും അരങ്ങേറിയിരുന്നത്.

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തെ വഴിതിരിച്ചു വിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായെങ്കിലും ശരവേഗത്തിൽ ഇടപെട്ട , പിണറായി സർക്കാർ അത്തരം നീക്കങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് ഉണ്ടായത്. പ്രകൃതി ദുരന്തത്തിൽ മാത്രമല്ല , മനുഷ്യർ സൃഷ്ടിക്കുന്ന ദുരന്തത്തെയും , എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതാണ് , ഇടതുപക്ഷ സർക്കാർ ഇവിടെ കാണിച്ചു തന്നിരിക്കുന്നത്. സംസ്ഥാന ഭരണകൂടം ആകെ , കൊച്ചിയിൽ കുതിച്ചെത്തി നടത്തിയ ഇടപെടലുകൾ , കേരളത്തിന് ആശ്വാസം മാത്രമല്ല , ആത്മവിശ്വാസും നൽകുന്നതായിരുന്നു. അതെന്തായാലും… പറയാതെ വയ്യ. സർക്കാരിനൊപ്പം നിൽക്കാൻ പ്രതിപക്ഷവും തയ്യാറായതും , അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്. ഇതിനു ശേഷമാണ് , കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ , കേസെടുത്ത് സർക്കാർ മുന്നോട്ടു പോയിരിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനത്തിന് കാരണം, മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രീണനനയമാണ് എന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചിരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറ്റപ്പെടുത്തിയ മന്ത്രി, സ്ഫോടനത്തിൽ ഹമാസിൻറെയടക്കം പങ്കും ആരോപിച്ചിരുന്നു. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും, അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ചാണ് മുഖ്യമന്ത്രി രംഗത്തു വന്നിരുന്നത്. “വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കുമെന്നാണ് പിണറായി ഇതിനു നൽകിയിരുന്ന മറുപടി. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാനാകില്ലന്നും, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

മുഖ്യമന്ത്രിയുടെ ഈ നിലപാടിനു പിന്നാലെയാണ് , പൊലീസും നടപടി കടുപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത , കേരള പൊലീസ് നടപടിയെ ഗൗരവമായാണ് കേന്ദ്ര സർക്കാറും ബി.ജെ.പി നേതൃത്വവും നോക്കി കാണുന്നത്. ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് , ബി.ജെ.പി മുന്നറിയിപ്പു നൽകുമ്പോൾ , എന്തും നേരിടാൻ തയ്യാറാണെന്നതാണ് സി.പി.എമ്മിന്റെയും നിലപാട്. കേരള സർക്കാറിനെ കേന്ദ്രം പിരിച്ചു വിട്ടാൽ പോലും വൻ ഭൂരിപക്ഷത്തിൽ തിരിച്ചു വരാൻ കഴിയുമെന്നതാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം.

EXPRESS KERALA VIEW

 

Top