കേരളത്തിലെ ഹൈവേകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് മോദി സര്‍ക്കാര്‍; ജെപി നദ്ദ

തിരുവനന്തപുരം: കേരളത്തിലെ ഹൈവേകള്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 1,266 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ബിജെപി തിരുവനന്തപുരം പാര്‍ലമെന്റെ് മണ്ഡലം വിശാല്‍ ജനസഭ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമാക്കിയി മാറും. മോദി സര്‍ക്കാര്‍ രാജ്യത്ത് 54,000 കിലോമീറ്റര്‍ ദൂരം ദേശീയപാത നിര്‍മ്മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകള്‍ ആറ് വരിയാക്കി മാറ്റി.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വന്ദേഭാരത് ട്രെയിന്‍ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് റെയില്‍വെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റര്‍ പാളമാണ് റെയില്‍വെ നിര്‍മ്മിച്ചതെങ്കില്‍ ഇപ്പോള്‍ അത് 14 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചെന്നും ജെപി നദ്ദ പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. 50 കോടി ജനങ്ങള്‍ക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. കേരളത്തില്‍ 22 ലക്ഷം പേര്‍ക്ക് ഈ ആനുകൂല്യം കിട്ടുന്നത്. ജല്‍ ജീവന്‍ മിഷനില്‍ 9 കോടി പേര്‍ക്ക് സൗജന്യ കുടിവെള്ളം എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു.

20 ലക്ഷത്തി മുപ്പതിമൂന്നായിരം കര്‍ഷകര്‍ക്കാണ് കേരളത്തില്‍ കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ വികസനത്തിന് മോദി തന്നെ പ്രധാനമന്ത്രിയാവണം. കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. രാജ്യത്ത് 35 പേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ അതില്‍ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു

 

 

Top