ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വെള്ളി മെഴുകുതിരിക്കാല്‍ സമ്മാനിച്ച് മോദി, ഒപ്പം ഒരു പുസ്തകവും

വത്തിക്കാന്‍ സിറ്റി: ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശന വിവരങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തെക്കുറിച്ച് മോദിയും മാര്‍പാപ്പയും ചര്‍ച്ച ചെയ്‌തെന്ന് ഹോളി സീ ഓഫീസ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

മാര്‍പാപ്പയ്ക്ക് നരേന്ദ്രമോദി വെള്ളി മെഴുകുതിരിക്കാലായിരുന്നു സമ്മാനമായി നല്‍കിയത്. പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള പുസ്തകവും മോദി സമ്മാനിച്ചെന്നും വത്തിക്കാന്‍ അറിയിച്ചു. ആദ്യ കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെത്തിയ മോദിയെ പോപ്പിനൊപ്പം സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍, ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരാണ് സ്വീകരിച്ചത്.

‘മരുഭൂമി ഒരു പൂന്തോട്ടമാകും’ എന്നെഴുതിയ വെങ്കല ഫലകമടക്കം നാല് സമ്മാനങ്ങളാണ് മാര്‍പാപ്പ മോദിക്ക് തിരികെ നല്‍കിയത്. ലോക സമാധാന ദിനത്തിലെ സന്ദേശം, വത്തിക്കാന്‍ പേപ്പല്‍ രേഖകള്‍, 2019 ഫെബ്രുവരി 4 ന് അബുദാബിയിലെ അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാമും മാര്‍പ്പാപ്പയുമായി ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ എന്നിവയാണ് മോദിക്ക് പ്രത്യുപകാരമായി ലഭിച്ചത്.

നേരത്തെ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ നിന്ന് മടങ്ങിയത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യവും ചര്‍ച്ചയായി.

Top