കര്‍ഷകരുടെ രക്തസാക്ഷിത്വത്തില്‍ മോദിയ്ക്ക് ലജ്ജയില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:കര്‍ഷകരുടെ റിപ്പബ്ലിക് ദിന റാലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിനെതിരെ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി. കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വിമര്‍ശമുന്നയിച്ചത്. റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുന്ന സാഹചര്യം രാജ്യത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ രംഗത്തെത്തിയത്.

‘അറുപതിലധികം കര്‍ഷകരുടെ രക്തസാക്ഷിത്വത്തില്‍ ലജ്ജയില്ല, എന്നാല്‍ ട്രാക്ടര്‍ റാലി നടത്തുന്നതില്‍ മോദി സര്‍ക്കാര്‍ ലജ്ജിക്കുന്നു’- രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, പ്രക്ഷോഭം ശക്തമാക്കുമെന്നും രാജ്യതലസ്ഥാനത്തും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും വന്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

നവംബര്‍ അവസാനം തുടങ്ങിയ പ്രക്ഷോഭത്തിനിടെ 60 ലധികം കര്‍ഷകരാണ് മരിച്ചതെന്നാണ് കര്‍ഷക സംഘടനകള്‍ അവകാശപ്പെടുന്നത്. ഇവരില്‍ പലരും ആത്മഹത്യ ചെയ്തതാണ്. കൊടും ശൈത്യത്തിനിടെ നടത്തിയ സമരം പലരുടെയും ജീവനെടുത്തു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് അടക്കമുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്.

Top