മോദി ഭരണകൂടത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരം, തിരിച്ചടി കിട്ടി

ത് മോദിയുടെ ഇന്ത്യയല്ല, കര്‍ഷകരുടെ ഇന്ത്യയാണ്. ഈ പ്രഖ്യാപനമാണ് ലോകത്തിന് മുന്നില്‍ രാജ്യത്തെ കര്‍ഷകരിപ്പോള്‍ നടത്തിയിരിക്കുന്നത്. നിറതോക്കുകളെ വകവയ്ക്കാതെയാണ് ചെങ്കോട്ടയില്‍ കര്‍ഷകര്‍ പ്രതിഷേധ കൊടി നാട്ടിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തേറ്റ ശക്തമായ അടിയാണിത്. കാരണം, കേന്ദ്ര സര്‍ക്കാറിന്റെ സകല യുദ്ധ സന്നാഹങ്ങളെയും തകര്‍ത്തെറിഞ്ഞാണ് കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം തല ഉയര്‍ത്തി നിന്നപ്പോള്‍, തല കുനിക്കേണ്ടി വന്നിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാറിനുമാണ്. മോദിയുടെ സകല ഇമേജും ലോക രാജ്യങ്ങള്‍ക്ക് മുന്നിലും തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാറിനെതിരെ നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. അന്നം തരുന്ന കൈക്ക് തന്നെ ഭരണകൂടം ‘കടിച്ചതാണ് ‘ കര്‍ഷകരെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നത്. ജയ് കിസാന്‍ മുദ്രാവാക്യം വിളികളോടെ പൊതു സമൂഹം കൂടി കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങിയതോടെ, അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്രം വെട്ടിലായിരിക്കുകയാണ്. ഡല്‍ഹിയുടെ തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളും കര്‍ഷകര്‍ കയ്യടക്കിയിരിക്കുകയാണ്. പൊലീസിന്റെ സകല കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണിത്. റിപ്പബ്ലിക് ദിന പരേഡില്‍ നടന്ന സമാന്തര കാര്‍ഷിക പരേഡ് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നത്. പതിനായിരക്കണക്കിന് ട്രാക്ടറുകളായി ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ പ്രവേശിച്ചിരിക്കുന്നത്.

കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജ്ജും നടത്തിയ പൊലീസിനെ ഓടിച്ചിട്ട് കര്‍ഷകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്: പൊലീസും ഭീകരമായാണ് കര്‍ഷകരെ മര്‍ദ്ദിച്ചിരിക്കുന്നത്. ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് നടപടിയിലാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. യുദ്ധക്കളമായി മാറിയ തെരുവില്‍ ചോരയാണ് ഒഴികിയിരിക്കുന്നത്. പൊലീസിന്റെ സകല പ്രതിരോധ സംവിധാനങ്ങളെയും തകര്‍ത്താണ് കര്‍ഷകര്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് കുതിച്ചത്. അസാധാരണമായ ഈ പ്രതിഷേധം, മോദി ഭരണകൂടത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ്. ഇനിയും കര്‍ഷക ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചാല്‍, സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷമാണുണ്ടാകുക.

 

കര്‍ഷകരെ അടിച്ചമര്‍ത്തിയും വെടിവെച്ചും ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാന്‍ കഴിയുകയില്ല. ഇത് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് വരുത്തിയ പ്രതിഷേധമാണ്. റിപ്പബ്ലിക് ദിനത്തില്‍ 12 മണിക്ക് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രവേശിച്ച് 5 മണിക്ക് തിരികെ എത്തണമെന്ന പൊലീസ് നിര്‍ദ്ദേശമാണ് കര്‍ഷക രോഷത്തിന് മുന്നില്‍ തകര്‍ന്നിരിക്കുന്നത്. മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകരുടെ പോരാട്ട വീര്യമാണ് ഇവിടെ പ്രകടമായിരിക്കുന്നത്. 150ലേറെ കര്‍ഷകരാണ് രണ്ടു മാസം പിന്നിട്ട സമരമുഖത്ത് മരണപ്പെട്ടിരുന്നത്. എന്നിട്ടും വിവാദ കര്‍ഷക നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതാണിപ്പോള്‍ ഡല്‍ഹിയെ കലാപ കലുഷിതമാക്കിയിരിക്കുന്നത്. ഡല്‍ഹിയുടെ തന്ത്രപ്രധാനമായ ചെങ്കോട്ടയിലും ഐ.ടി.ഒയിലും പോലും എത്താന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞത് രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തിന് മുന്നിലും കര്‍ഷകരും പൊലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നിരിക്കുന്നത്. നൂറ് കണക്കിന് കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ട്രാക്ടറുകള്‍ പൊലീസ് തല്ലിതകര്‍ത്തപ്പോള്‍ പൊലീസിന് നേരെ ട്രാക്ടറുകള്‍ ഒടിച്ച് കയറ്റുന്ന അവസ്ഥയുമുണ്ടായി. കര്‍ഷകരെ നേരിടാന്‍ കേന്ദ്ര സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. ഗാസിപൂരിലും സിംഘുവിലും ഉള്‍പ്പെടെ ട്രാക്ടര്‍ റാലി തടയാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ ഉണ്ടായെങ്കിലും ബാരിക്കേഡുകളും ഗ്രനേഡ് പ്രയോഗവും മറികടന്നാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കുതിച്ചെത്തിയിരിക്കുന്നത്. നിലവിലെ ഡല്‍ഹിയിലെ അവസ്ഥ അതി സങ്കീര്‍ണ്ണമാണ്. ഒരിക്കലും പരസ്പരം ഏറ്റുമുട്ടേണ്ടവരല്ല കര്‍ഷകരും പൊലീസും.

കര്‍ഷകരില്‍ തീവ്ര മനസ്സുള്ളവര്‍ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യേണ്ടത് കര്‍ഷക സംഘടനാ നേതാക്കള്‍ തന്നെയാണ്. എന്നാല്‍, ഇവിടെ എല്ലാം നിയന്ത്രണങ്ങള്‍ക്ക് അപ്പുറമായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ധിക്കാരമാണ് കര്‍ഷകരുടെ രോഷം പൊട്ടിത്തെറിയിലെത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ പ്രതീക്ഷിച്ചതിലും അധികം കര്‍ഷകര്‍ നഗരത്തില്‍ കടന്നതിനാല്‍ കര്‍ഷക സംഘടനാ നേതാക്കളുടെ നിയന്ത്രണത്തിലും അപ്പുറമായാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. ഇന്ത്യയില്‍ ‘അസാധാരണ സ്ഥിതിവിശേഷം’ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനമനസ്സുകളില്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ചിത്രങ്ങള്‍ പതിയേണ്ട ദിവസത്തില്‍, കര്‍ഷക പരേഡും ആക്രമണങ്ങളുമാണിപ്പോള്‍ പതിഞ്ഞിരിക്കുന്നത്.

സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും ഉജ്വലമായ സമരമായാണ് കര്‍ഷക പരേഡ് ഇപ്പോള്‍ മാറിയിരിക്കുന്നത്. രാജ്യ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത്.ആക്രമ സംഭവങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെങ്കിലും, കര്‍ഷകര്‍ നടത്തിയ ഐതിഹാസിക മുന്നേറ്റത്തെ കാണാതിരിക്കാന്‍ കഴിയുകയില്ല. കോര്‍പ്പറേറ്റുകള്‍ക്കായാണ് മോദി സര്‍ക്കാര്‍ കര്‍ഷക നിയമങ്ങള്‍ ഉണ്ടാക്കിയതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അതിനാല്‍ തന്നെ ഈ നിയമം പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ചങ്കിടിപ്പിക്കുന്ന തീരുമാനമാണിത്.

മോദിയുടെ മൂക്കിന് താഴെ വരെ എത്തിയവര്‍ ആവശ്യങ്ങള്‍ നേടിയെടുക്കാതെ തിരിച്ച് പോകില്ലെന്ന് വ്യക്തം. കാവി രാഷ്ട്രീയത്തിന് എതിരായ ഈ കര്‍ഷക മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരിക്കുന്നത് പഞ്ചാബിലെ കര്‍ഷക സംഘടനകളും, ഇടതുപക്ഷ സംഘടനകളുമാണ്. കേന്ദ്ര സര്‍ക്കാറിനുള്ള വലിയ ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെയാണിത്.

 

Top