ഉപഗ്രഹ ചിത്രങ്ങളില്‍ സൂചിപ്പിച്ചതിന്റെ നേര്‍ വിപരീതമാണ് മോദി പറയുന്നത്; വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോങ് തടാകത്തിന് സമീപത്തെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കിയതായാണ് ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ആരും രാജ്യത്തേക്കു കയറിയിട്ടില്ലെന്നും ഭൂപ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നുമാണു പ്രധാനമന്ത്രി പറഞ്ഞതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ചൈനയോട് കേന്ദ്രസര്‍ക്കാരിന് പ്രീണന നയമാണെന്ന് ഒരു ലേഖനത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു. ‘സറണ്ടര്‍ മോദി’ എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ലേഖനത്തില്‍ വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ച സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിനു വിപരീതമായ കാര്യങ്ങളാണ് ചിത്രങ്ങളില്‍ കാണുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിന് വിപരീതമാണ് ഇതെന്നു വ്യക്തമാണ് ഞായറാഴ്ച വൈകിട്ടത്തെ ട്വീറ്റില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇന്ത്യന്‍ പ്രദേശങ്ങള്‍ പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവുവച്ചതായി രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കു തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുകയാണു ചെയ്യുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ തിരിച്ചടിച്ചു. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം ചൈനീസ് സേന കടന്നു കയറിയതായി കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

പ്രദേശങ്ങളില്‍ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു ചൈന നടത്തുന്നത്. നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയത്. 62 ഇടങ്ങളിലായി സൈനികരെ പാര്‍പ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും ചൈന സ്ഥാപിച്ചിട്ടുണ്ടെന്നാണു വിവരം.

Top