modi effect in utharprash

ലക്‌നൗ: മിനി ഇന്ത്യ എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപരമായ ഇടപെടല്‍.

ഒറ്റക്ക് നിന്നാണ് മൃഗീയ മേധാവിത്വം ബിജെപി ഇവിടെ നേടിയെടുത്തിട്ടുള്ളത്.ജാതീയ സമവാക്യങ്ങളെ തകര്‍ത്തെറിഞ്ഞാണ് ഈ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. 403 അംഗ നിയമസഭയില്‍ ഇതിനോടകം തന്നെ 312 സീറ്റുകളില്‍ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.

സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ യുപിയെ ഇളക്കി മറിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലം അടക്കം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിച്ചതോടെ അത് എന്‍ ഡി എ മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണിപ്പോള്‍.

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ബിജെപി സഖ്യത്തിന് ഭരണം നഷ്ടപ്പെട്ടെങ്കിലും ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കാന്‍ പറ്റിയതും ബി ജെ പി മുന്നണിക്ക് ആശ്വാസമായിട്ടുണ്ട്.

നോട്ട് അസാധുവാക്കല്‍ നടപടി ബിജെപിക്ക് തിരിച്ചടിയാവുമെന്ന പ്രചരണത്തിന്റെ മുനയൊടിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് ഉത്തരാഖണ്ഡും, സമാജ് വാദി കോണ്‍ഗ്രസ്സ് സഖ്യത്തെ തറപറ്റിച്ച് യുപിയിലും ബിജെപി വന്‍ നേട്ടമാണുണ്ടാക്കിയത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തെ പോലും കവച്ചു വയ്ക്കുന്ന ചരിത്ര വിജയമാണ് ഉത്തര്‍പ്രദേശിലേത്.

പ്രചരണ രംഗത്ത് രാഹുല്‍ ഗാന്ധി അഖിലേഷ് യാദവ് സഖ്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയതെങ്കിലും വോട്ടെണ്ണിയപ്പോള്‍ അത് കാവിപ്പടയുടെ മുന്നേറ്റമായി മാറി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കി വിജയിച്ച അതേ തന്ത്രമാണ് ഇത്തവണയും ബിജെപി പയറ്റിയത്. ജനസംഖ്യയുടെ 19 ശതമാനമുള്ള മുസ്‌ലിംകളെ പ്രതിപക്ഷത്താക്കി ഹൈന്ദവവോട്ടുകളുടെ ഏകീകരണമാണ് ബിജെപി അന്ന് നടപ്പിലാക്കിയത്. മുസ്‌ലിം വോട്ടുകള്‍ ബിഎസ്പിയിലും എസ്പിയിലുമായി ചിതറിയതിന്റെ ഗുണം ബിജെപിക്ക് ലഭിച്ചു. ഇതിനുവേണ്ടി വര്‍ഗീയ കലാപങ്ങള്‍ ബിജെപി സൃഷ്ടിച്ചെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തവണ കലാപങ്ങളുണ്ടായില്ല. പകരം വോട്ടുചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ബിജെപിയുടെ ഭാഗത്ത് കൂടുതല്‍ ജാഗ്രതയുണ്ടായി.

ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ഹിന്ദുത്വ ഗ്രൂപ്പുകളുടെ വലിയ വളര്‍ച്ചയായിരുന്നു പശ്ചിമ യുപിയിലുണ്ടായിരുന്നത്. നരേന്ദ്രമോദി സേന, ഹിന്ദു ബഹു ബേട്ടി ബചാവോ സംഗര്‍ഷ് സമിതി തുടങ്ങിയവ വലിയ വേരോട്ടം നടത്തി. ഇതിനെല്ലാം സഹായം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ എന്നിവര്‍ പിന്നിലുണ്ടായിരുന്നു. ഈ സംഘടനകള്‍ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ഏകോപനത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു.

ഓരോ വീടുകള്‍ കയറിയിറങ്ങിയും ഗ്രാമങ്ങളില്‍ ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ചും സംഘ്പരിവാര്‍ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനും ഇതും വലിയ അളവില്‍ സഹായകരമായി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ നേടിയ ഈ തകര്‍പ്പന്‍ വിജയം മോദിയുടേയും സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടേയും ഫലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Top