രാജ്യം വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടന്‍, എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യം വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും.

ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ സൈബര്‍ സുരക്ഷാ നയവും ഉടനുണ്ടാകും. ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Top