കായല്‍ ശുചീകരണം ഉപജീവന മാര്‍ഗമാക്കി; കോട്ടയംകാരന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായല്‍ ശുചീകരണം നടത്തുന്ന കുമരകം മഞ്ചാടിക്കര സ്വദേശി എന്‍.എസ്. രാജപ്പനെയാണ് (72) മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചത്. പോളിയോ ബാധിച്ച് രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു വിറ്റാണ് ജീവിക്കുന്നത്.

വള്ളത്തില്‍ പോയി ശേഖരിക്കുന്ന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ആക്രിക്കടയില്‍ വില്‍ക്കും. ആറു വര്‍ഷമായി അദ്ദേഹം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു വില്‍ക്കുകയാണ്. 2019ലെ വെള്ളപ്പെക്കത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പന്റെ താമസം.

‘ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു, ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തില്‍ കോട്ടയത്ത് എന്‍.എസ്.രാജപ്പന്‍ എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. എന്നാല്‍ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും കായയില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്റെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭവന നല്‍കണം’ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

 

 

Top