മോദിയെ തളയ്ക്കാന്‍ നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിര ഒരുങ്ങുന്നു……

ന്യൂഡല്‍ഹി: മോദിയെ വീഴ്ത്താന്‍ ചാണക്യതന്ത്രങ്ങളുമായി ഡല്‍ഹിയിലെത്തിയ ചന്ദ്രബാബു നായിഡു പ്രതിപക്ഷത്തിന് നല്‍കിയത് തികഞ്ഞ ആത്മവിശ്വാമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താനാകൂ എന്ന തിരിച്ചറിവാണ് ചന്ദ്രബാബു നായിഡുവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷാ നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ തന്ത്രശാലിയായ നേതാവിന്റെ അഭാവം പ്രതിപക്ഷ നിരയിലുണ്ടായിരുന്നു. ഈ നീക്കം മനസ്സിലാക്കിയാണ് കോണ്‍ഗ്രസ്സ് മുന്‍കൈയെടുത്ത് ചന്ദ്രബാബു നായിഡുവിനെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ചന്ദ്രബാബു നായിഡു എത്തിയതോടെ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ചടുലത കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ നായിഡു പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയാതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പൊതു വിഷയങ്ങളില്‍ ഒന്നിച്ച് നിന്ന് മിനിമം പരിപാടിയടക്കം തയ്യാറാക്കാം എന്ന നായിഡുവിന്റെ നിര്‍ദ്ദേശത്തെ രാഹുല്‍ സ്വീകരിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നു. എന്‍സിപി അധ്യക്ഷന്‍ ശരത്പവ്വാറുമായും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായ് സിങ് യാദവുമായും കൂടിക്കാഴ്ച്ച നടത്തിയ ചന്ദ്രബാബു നായിഡു ബിജെപിക്കെതിരെ മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഖ്യം വേണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാശ്മീരില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുമായും ചര്‍ച്ച നടത്തിയ നായിഡു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ചര്‍ച്ചകള്‍ നടത്തി.

എന്‍ഡിഎയുടെ ഭാഗമായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി പ്രതിപക്ഷത്തിനൊപ്പം ചേരുന്നത് എന്‍ഡിഎയ്ക്ക് കടുത്ത ഭീഷണിയാണ്. ദേവഗൗഡയുടെയും ഐ.കെ. ഗുജ്‌റാളിന്റെയും നേതൃത്വത്തില്‍ അധികാരത്തിലെത്തിയ മൂന്നാം മുന്നണി സര്‍ക്കാരുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ചന്ദ്രബാബു നായിഡുവായിരുന്നു. പിന്നീട് എന്‍ഡിഎയില്‍ എത്തിയപ്പോഴും മുന്നണിയിലെ ചര്‍ച്ചകള്‍ നയിച്ചതും നായിഡു തന്നെ. അതേ ചന്ദ്രബാബു നായിഡു തന്നെ വീണ്ടും പ്രതിപക്ഷ ഐക്യത്തിനായിറങ്ങുമ്പോള്‍ ബിജെപി കരുതലോടെയാണ് നോക്കി കാണുന്നത്. അമിത്ഷായെന്ന തന്ത്രശാലിയായ അധ്യക്ഷന്റെ നേതൃത്വത്തില്‍ തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന ബിജെപിയെ തളയ്ക്കുവാന്‍ നായിഡുവിനാകുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top