ഉദ്യോഗസ്ഥർക്കും പുതിയ പ്രതീക്ഷകൾ, മോദിയുടെ സഹായഹസ്തം നീളുന്നു !

പ്രതിപക്ഷത്തിന് മാത്രമല്ല സംഘപരിവാര്‍ നേതൃത്വത്തിന് പോലും പിടികിട്ടാത്തതാണ് മോദിയുടെ മനസ്സിലിരിപ്പ്. അതാണ് മുന്‍ ഐ.എഫ്.എസുകാരനെ കേന്ദ്ര മന്ത്രിസഭയിലെത്തിച്ചതിലൂടെ വ്യക്തമാകുന്നത്.

മന്ത്രിസഭയില്‍ ആരെ ഉള്‍പ്പെടുത്തണം ആരെ ഒഴിവാക്കണം എന്നത് സംബന്ധിച്ച് പൂര്‍ണ്ണ അധികാരമാണ് മോദിക്ക് ആര്‍.എസ്.എസ് നല്‍കിയിരുന്നത്.2014 -ല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെട്ട ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഇത്തവണ പൂര്‍ണ്ണമായും ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ആര്‍.എസ്.എസ് ഇടപെടലില്‍ മന്ത്രിയാകാമെന്ന് കരുതിയ പല നേതാക്കള്‍ക്കും തിരിച്ചടിയായതും ഭാഗവതിന്റെ ഈ നിലപാട് തന്നെയാണ്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായി ചേര്‍ന്ന് ആലോചിച്ച് പ്രധാനമന്ത്രി തന്നെ തീരുമാനം എടുക്കട്ടെ എന്ന നിലപാടാണ് ആര്‍.എസ്.എസ് സ്വീകരിച്ചത്. ആര്‍.എസ്.എസ് ആസ്ഥാനം ഉള്‍പ്പെട്ട നാഗ്പൂര്‍ എം.പി കൂടിയായ നിതിന്‍ ഗഡ്കരിക്ക് കൂടുതല്‍ മെച്ചപ്പെട്ട വകുപ്പ് നല്‍കാനും ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.ആര്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് നിതിന്‍ ഗഡ്കരി.


ഉദ്യോഗസ്ഥരെ ഏറെ ബഹുമാനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി.

കഴിഞ്ഞ സര്‍ക്കാറിനു കീഴിലെ സുപ്രധാന പദവികള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാണ്. റിട്ടയര്‍ ചെയ്താലും ഉന്നത ഉദ്യോഗസ്ഥരെ പരമാവധി ഉപയോഗപ്പെടുത്തണം എന്നതാണ് മോദിയുടെ നയം.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ദോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയത് ഈ നിലപാടിന്റെ ഭാഗമാണ്. ബാലക്കോട്ടെ ആക്രമണം മുതല്‍ നിരവധി സൈനിക നീക്കങ്ങളുടെ സൂത്രധാരനായിരുന്നു ദോവല്‍.മോദിയുടെ ഏറ്റവും വിശ്വസ്തനായാണ് ഈ ഉദ്യോഗസ്ഥന്‍ അറിയപ്പെടുന്നത്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര്‍.എന്‍.രവിയും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം അടിച്ചമര്‍ത്താന്‍ ഈ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ സര്‍ക്കാറിന് ഏറെ ഗുണം ചെയ്തിരുന്നു.ദോവലും രവിയും മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് എന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിജയ് കുമാറിനെ ആഭ്യന്തര ഉപദേഷ്ടാവാക്കിയതും പിന്നീട് കാശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവാക്കിയതും മോദിയുടെ താത്പര്യപ്രകാരമായിരുന്നു.

കഴിഞ്ഞ മോദി സര്‍ക്കാറില്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ വീണ്ടും തുടരുമെന്ന സൂചനയാണ് കേന്ദ്രം നല്‍കുന്നത്. ദോവലിന്റെ കാര്യത്തില്‍ ഈ നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇനി ദോവലിനെ തന്നെ മോദി പിന്നീട് കേന്ദ്ര മന്ത്രിയാക്കിയാലും അത്ഭുതപ്പെടാനില്ല.

ഉദ്യാഗസ്ഥരില്‍ കഴിവുള്ളവരെ ഉപയോഗപ്പെടുത്തുക എന്ന തന്ത്രം മോദി ആദ്യം പരീക്ഷിച്ചത് മുന്‍ കരസേന മേധാവിയിലായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ച വി.കെ സിങ്ങിനെ മോദി കേന്ദ്ര മന്ത്രിയാക്കി. ഇത്തവണയും മോദി മന്ത്രിസഭയില്‍ വി.കെ.സിങ് മന്ത്രിയാണ്.

വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കറിനെ കാബിനറ്റ് റാങ്കുള്ള വിദേശകാര്യ മന്ത്രിയാക്കിയും മോദി ഞെട്ടിച്ചു. 1977ലെ ഐ.എഫ്.എസ് ബാച്ചുകാരനായ ജയശങ്കര്‍ വിദേശനയ രൂപീകരണത്തില്‍ മിടുക്ക് തെളിയിച്ച ഉദ്യോഗസ്ഥനാണ്. ദോക് ലാം പ്രശ്‌നം രമ്യമായ പരിഹാരത്തിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് അമേരിക്കയുമായുള്ള ആണവകരാര്‍ ഉണ്ടാക്കിയതും ജയശങ്കറുടെ നേതൃത്വത്തിലായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ ഗുഡ് ലിസ്റ്റില്‍ ഇടം പിടിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിതിരിവായത്. സീനിയോരിറ്റി മറികടന്നാണ് അദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയായി മോദി നിയമിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും സീനിയോരിറ്റി നോക്കാതെയാണ് വിദേശകാര്യ മന്ത്രിയാക്കിയിരിക്കുന്നത്.

സുഷമ സ്വരാജിന്റെ പിന്‍ഗാമി ഒരു മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പോലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

രാഷ്ട്രിയമില്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ അമേരിക്കന്‍ ശൈലിയില്‍ ഇന്ത്യയില്‍ മന്ത്രിയാകുന്നത് ഇതാദ്യ സംഭവമാണ്. മണിശങ്കര്‍ അയ്യര്‍, എസ്.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ കേന്ദ്ര സര്‍വീസില്‍ നിന്നും മുന്‍പ് കേന്ദ്ര മന്ത്രിമാരായവരാണ്. എന്നാല്‍ ഇവര്‍ക്ക് രാഷ്ട്രീയ പശ്ചാത്തലവും പ്രവര്‍ത്തന പാരമ്പര്യവും ഉണ്ടായിരുന്നു. ഇതൊന്നും ഇല്ലാതെയാണ് ജയശങ്കര്‍ കാബിനറ്റ് മന്ത്രിയായിരിക്കുന്നത്. താന്‍ ജോലി ചെയ്ത വകുപ്പിന്റെ തന്നെ മന്ത്രിയാകുക എന്ന ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു.

ഓരോ ഉദ്യോഗസ്ഥന്റെയും കഴിവുകള്‍ മുന്‍ നിര്‍ത്തി അവരെ ഉപയോഗപ്പെടുത്തുക എന്ന മോദി തന്ത്രം ഇനിയും തുടരുമെന്നു തന്നെയാണ് സൂചന.

വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ നിരവധി മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറാണ് പരിവാര്‍ പാളയത്തിലെത്തിയ പ്രമുഖന്‍. ഇപ്പോള്‍ ശബരിമല കര്‍മ്മസമിതി തലപ്പത്ത് പ്രവര്‍ത്തിക്കുന്ന സെന്‍കുമാറിനെ തേടി വലിയ പദവി എത്താനുള്ള സാധ്യതയും നിലവിലുണ്ട്.

ഉദ്യാഗസ്ഥരോടുള്ള പ്രധാനമന്ത്രിയുടെ ഈ താല്‍പ്പര്യം ഇപ്പോള്‍ സര്‍വ്വീസില്‍ ഇരിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരെയും സ്വാധീനിക്കുന്നുണ്ട്.

റിട്ടയര്‍മെന്റ് ജീവിതം വിശ്രമജീവതമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് കാവി താല്‍പ്പര്യം കൂടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെ പ്രതിപക്ഷം ആശങ്കയോടെയാണ് കാണുന്നതെങ്കിലും പോത്സാഹിപ്പിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേത്.

Top