അഞ്ച് പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി സര്‍ക്കാര്‍; ആശങ്കയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

കോട്ട: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം അരങ്ങേറുമ്പോള്‍ പാക് ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ പൗരത്വം നല്‍കി. 20 വര്‍ഷം മുമ്പ് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം അനുവദിച്ചത്. ഇവര്‍ പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ട് രാജസ്ഥാനിലെ കോട്ടയിലേക്കാണ് ചേക്കേറിയത്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിക്കര്‍പുര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെത്തിയ രേഖാ ബേജ്വാനി, സോനം കുമാരി, മുസ്‌കാന്‍, സന്ദീപ് കുമാര്‍, സുദാമന്‍ എന്നിവര്‍ക്കാണ് വെള്ളിയാഴ്ച ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. വന്‍ വരവേല്‍പ്പായിരുന്നു ഇവര്‍ക്ക് നാട്ടുകാര്‍ നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുന്‍പാണ് പൗരത്വം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ മോദി സര്‍ക്കാരിന്റെ മൈലേജ് കൂടുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്ളത്.

ഇതിന് പുറമെ ഡിസംബര്‍ 30ന് പാകിസ്താനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു. ആറു വര്‍ഷത്തിനിടെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലായിരത്തോളം പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളില്‍ പൗരത്വം നല്‍കിയത്

അതേസമയം, പൗരത്വം നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഒറ്റ രാത്രി കൊണ്ട് കൊണ്ടുവന്ന നിയമമല്ല ഇതെന്നും കഴിഞ്ഞ 70 വര്‍ഷമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചതിന് പാകിസ്താന്‍ ഉത്തരം പറയണമെന്നും മോദി ആവശ്യപ്പെട്ടു. കൂടാതെ, പാകിസ്താനില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം മഹാത്മാ ഗാന്ധിയും മറ്റ് നേതാക്കളും വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Top