modi – book – media – journalist

തിരുവനന്തപുരം നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നിലെ തന്ത്രങ്ങളെക്കുറിച്ചു പുസ്തകമെഴുതിയ പ്രമുഖ മലയാളി പത്രപ്രവര്‍ത്തകന്‍ ഉല്ലേഖ് എന്‍.പിക്ക് ഫോണിലൂടെ ഭീഷണി.

സംഘപരിവാര്‍ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടയാളാണ് ഭീഷണി മുഴക്കിയത്. ഭീഷണി സംബന്ധിച്ച് ഉല്ലേഖ് സൈബര്‍ സെല്ലിന് പരാതി നല്‍കി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ നരേന്ദ്ര മോദിയെ സഹായിച്ച തന്ത്രങ്ങളെക്കുറിച്ച് വാര്‍ റൂം എന്ന പേരില്‍ ഉല്ലേഖ് പുസ്തകം പുറത്തിറക്കിയിരുന്നു. നിലവില്‍ ഓപ്പണ്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ഉല്ലേഖ്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനാണ്.

ഒരു മലയാളം വാരികയില്‍ ജെഎന്‍യു സംഭവത്തെക്കുറിച്ച് ഉല്ലേഖ് ലേഖനമെഴുതിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. ലാന്‍ഡ് ഫോണില്‍നിന്നാണ് കഴിഞ്ഞദിവസം സന്ദേശം എത്തിയതെന്നു ഉല്ലേഖ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ക്കെതിരെ എഴുതാതെ ജെഎന്‍യുക്കാരെ അനുകൂലിച്ചു ലേഖനമെഴുതിയാല്‍ പാഠംപഠിപ്പിക്കുമെന്നുമായിരുന്നു ഭീഷണി ഉല്ലേഖ് പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ് വാര്‍ റൂമെന്ന പുസ്തകം പുറത്തിറങ്ങിയത്. ബിജെപിയെ വിജയത്തിലേക്ക് നയിച്ച വ്യക്തികള്‍, തന്ത്രങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

Top